 
പറവൂർ: ഹോം ഗാർഡിന്റെ സമയോചിതമായ ഇടപെടൽ സൈക്കിൾ യാത്രികനായ സ്കൂൾ വിദ്യാർത്ഥിയെ ബസ്സിനടിയിൽപ്പെടാതെ രക്ഷിച്ചു. ചേന്ദമംഗലം കവലയിലെ സിഗ്നലിൽ ഇന്നലെ രാവിലെയായിരുന്നു മികച്ച സേവനത്തിന് ഏറെ പുരസ്കാരങ്ങൾ ലഭിച്ചിട്ടുള്ള ഹോംഗാർഡ് എം. തോമസിന്റെ
രക്ഷാപ്രവർത്തനം.
വരാപ്പുഴ ഭാഗത്ത് നിന്നെത്തിയ വാഹനങ്ങൾ സിഗ്നലിൽ നിറുത്തിയിരിക്കുകയായിരുന്നു. ചാത്തനാട് സ്വദേശിയായ, ചേന്ദമംഗലം പാലിയം ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥി നിറുത്തിയിട്ടിരുന്ന സ്വകാര്യ ബസിന് സമീപത്ത് സൈക്കിളുമായി നിന്നിരുന്നു. കവലയ്ക്കു വീതി കുറവായതിനാൽ, സാധാരണയായി ഇവിടെ സിഗ്നൽ വീണാൽ സൈക്കിളുകളും ഇരുചക്രവാഹനങ്ങളും പോയശേഷമേ ബസുകൾ മുന്നോട്ടെടുക്കൂ. ഇന്നലെ സിഗ്നൽ വീണപ്പോൾ വിദ്യാർത്ഥിയുടെ സൈക്കിളും ഇരുചക്രവാഹനങ്ങളും മുന്നോട്ട് എടുത്തതിനു തൊട്ടുപിന്നാലെ ബസ് ഇടത്തോട്ടു തിരിഞ്ഞു. സൈക്കിളിന്റെ പിൻചകം ബസിന്റെ ഇടതുവശത്തെ മുൻചക്രത്തിന് ഇടയിൽപ്പെട്ടു. ഇതുകണ്ട തോമസ് ഉച്ചത്തിൽ ഒച്ചവച്ച് ഓടിയെത്തി. തോമസിന്റെ ശബ്ദം കേട്ട് ബസ് ഡ്രൈവർ വണ്ടി നിറുത്തിയതിനാൽ മാത്രമാണ് വിദ്യാർത്ഥി ടയറിനടിയിൽപ്പെടാതെ രക്ഷപ്പെട്ടത്. ബസ് ജീവനക്കാർ സൈക്കിൾ നന്നാക്കി നൽകി. വിദ്യാർത്ഥിക്ക് ഓട്ടോറിക്ഷയിൽ സ്കൂളിൽ പോകാനും തിരിച്ചുവരാനും ആവശ്യമായ പണവും കൊടുത്തു.
വീതികുറഞ്ഞ ചേന്ദമംഗലം കല വികസിപ്പിക്കുമെന്ന് അധികൃതർ പലതവണ ഉറപ്പു നൽകിയിരുന്നെങ്കിലും യാഥാർത്ഥ്യമായിട്ടില്ല.
മുൻ സൈനികനായ എം.ജെ. തോമസ് പന്ത്രണ്ട് വർഷമായി പറവൂരിൽ ഹോംഗാർഡാണ്. ഇദ്ദേഹം ട്രാഫിക് നിയന്ത്രിക്കുന്ന വിഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിട്ടുണ്ട്. മികച്ച ഹോംഗാർഡിനുള്ള സംസ്ഥാനതല പുരസ്കാരം ഉൾപ്പെടെ ഒട്ടേറെ അവാർഡുകൾ നേടിയിട്ടുണ്ട്.