വൈപ്പിൻ:എടവനക്കാട് ഗ്രാമ പഞ്ചായത്തിലെ കുടിവെളളക്ഷാമം പരിഹരിക്കാൻ ചൊവ്വര കുടിവെളള പദ്ധതിയിൽ നിന്ന് കൂടുതൽ കുടിവെളളം ലഭിക്കാൻ പദ്ധതി ആവിഷ്‌ക്കരിച്ചതായി കേരള വാട്ടർ അതോറിറ്റി ഹൈക്കോടതിയിൽ അറിയിച്ചു.
എടവനക്കാട് ഗ്രാമ പഞ്ചായത്തിലെ രൂക്ഷമായ കുടിവെളള ക്ഷാമം പരിഹരിക്കണമെന്നാവശ്യപ്പെട്ട് എടവനക്കാട് സ്വദേശിയും ഹൈക്കോടതി അഭിഭാഷകനുമായ കെ.എ.ജലീൽ നല്കിയ റിട്ട് ഹർജിയിലാണ് വാട്ടർ അതോറിറ്റി ഡെപ്യൂട്ടി ചീഫ് എൻജിനീയർ സി.ഒ.അനിത എഴുതി തയാറാക്കിയ മറുപടിയിൽ ഇക്കാര്യം ബോധിപ്പിച്ചത്.
1,9,12, 13,14 വാർഡുകളിൽ കുടിവെളളക്ഷാമം രൂക്ഷമാണെന്നാണ് ഹർജിക്കാരൻ പരാതിപ്പെട്ടത്. കുടിവെളള ക്ഷാമം അനുഭവപ്പെട്ട 14ാം വാർഡിന്റെ പടിഞ്ഞാറുശം താമസിക്കുന്ന 423 കുടുംബങ്ങൾ കേസിൽ കക്ഷി ചേരാൻ നൽകിയ അപേക്ഷ കേസ് പരിഗണിക്കുന്ന ജസ്റ്റിസ് നാഗരേഷ് അനുവദിച്ചു അവരെ കക്ഷി ചേർത്ത് ഉത്തരവായി.
എടവനക്കാട്ടേക്കുള്ള കുടിവെളള വിതരണ സംവിധാനത്തിൽ കാതലായ മാറ്റം വരുത്തി ദിനം പ്രതി സുഗമമായ കുടിവെളള വിതരണ പദ്ധതി എടവനക്കാട് നടപ്പാക്കണമെന്ന് ഹർജിക്കാരൻ കോടതിയിൽ ആവശ്യപ്പെട്ടു.