തൃക്കാക്കര: കൊവിഡ് കാലത്ത് ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് പ്രവർത്തിക്കുന്ന ആശാവർക്കർമാർക്ക് മാസ്കും സാനിട്ടൈസറും വിതരണം ചെയ്യുന്നില്ലെന്ന് ആക്ഷേപം. സ്വന്തം കൈയ്യിൽനിന്നും പണം മുടക്കി ഇവ വാങ്ങേണ്ട ഗതികേടിലാണ് ഇവർ. കൊച്ചി കോർപ്പറേഷൻ,തൃപ്പുണിത്തുറ,ഏലൂർ,കളമശ്ശേരി,തൃക്കാക്കര തുടങ്ങിയ ജില്ലയിലെ 13 മുൻസിപ്പാലിറ്റികളിൽ ഏറ്റവും ദുരിതം അനുഭവിക്കുന്നത് തൃക്കാക്കരയിലെ ആശാവർക്കർമാരാണ്. ജില്ലയിലെ ഏറ്റവും ജനസാന്ദ്രതയുള്ള നഗരസഭയായ തൃക്കാക്കരയിൽ കാക്കനാട് ഫാമിലി ഹെൽത്ത് സെന്റർ,കെന്നടിമുക്ക് യു.പി.എച്ച്.എസ്.സി, തൃക്കാക്കര പി.എച്ച്.എസ്.സി, എന്നീ സെന്ററുകളുടെ കീഴിൽ 43 ആശാവർക്കർമാരാണ് പ്രവർത്തിക്കുന്നത്. അതിൽ കെന്നടിമുക്ക് യു.പി.എച്ച്.എസ്.സിയുടെ കീഴിലാണ് ഏറ്റവും കൂടുതൽ ആശാവർക്കർമാർ പ്രവർത്തിക്കുന്നത്, 25. സാധാരണ അതാത് സെന്ററുകൾ വഴി ജില്ലാ ആരോഗ്യവിഭാഗം ആവശ്യത്തിന് മാസ്കും സാനിട്ടൈസറും വിതരണം ചെയ്യണമെന്നാണ് ചട്ടം. എന്നാൽ കൊവിഡ് രണ്ടാംതരംഗം ആരംഭിച്ച സമയം മുതൽ മാസ്കുമില്ല, സാനിട്ടൈയ്‌സറുമില്ലെന്ന ഗതികേടിലാണ് ആരോഗ്യപ്രവർത്തകർ. തൃക്കാക്കര ഒഴികെയുള്ള നഗരസഭകളിൽ അതാത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ സഹായിക്കുന്നുണ്ട്. തൃക്കാക്കരയിൽ മാത്രം ജില്ലാ ആരോഗ്യ വിഭാഗവും,നഗരസഭയും തികഞ്ഞ അവഗണനയാണ് ഈ കൊവിഡ് മുന്നണിപോരാളികളോട് കാണിക്കുന്നത്. വിവിധ ഘട്ടങ്ങളിലായി തൃക്കാക്കരയിൽ മാത്രം 30 ആശാവർക്കർമാർക്ക് കൊവിഡ് ബാധിച്ചിരുന്നു.