കൊച്ചി: കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റവിമുക്തനാക്കിയ വിചാരണക്കോടതി വിധിക്കെതിരെ ഹൈക്കോടതിയിൽ അപ്പീൽ നൽകാനുള്ള സർക്കാർ തീരുമാനത്തെ സേവ് ഔർ സിസ്റ്റേഴ്‌സ് (എസ്.ഒ.എസ് ) കേന്ദ്രസമിതി സ്വാഗതം ചെയ്തു.
കേസിൽ കന്യാസ്ത്രീക്കുവേണ്ടി എസ്.ഒ.എസ്. ഹൈക്കോടതിയിൽ പ്രത്യേക അപ്പീൽ ഹർജി സമർപ്പിക്കും. വിദഗ്ദ്ധരായ അഭിഭാഷകരെ നിയോഗിക്കും. ഇരയാക്കപ്പെട്ട കന്യാസ്ത്രീയുടെയും സഹപ്രവർത്തകരുടെയും അഭിപ്രായവും പരിഗണിച്ചായിരിക്കും ഇക്കാര്യങ്ങളിൽ അന്തിമ തീരുമാനം. മുൻ ഹൈക്കോടതി ജഡ്‌ജിമാരായ ഏതാനും നിയമവിദഗ്ദ്ധരും സൗജന്യമായി നിയമോപദേശം നൽകാൻ സന്നദ്ധരായിട്ടുണ്ട്.
അടുത്ത ദിവസം കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രികളെ നേരിൽക്കണ്ട് ചർച്ച നടത്താൻ അഭിഭാഷകരായ ജോസ് ജോസഫ്, വർഗീസ് പറമ്പിൽ, കെ.വി. ഭദ്രകുമാരി, സി. ടീന ജോസ് എന്നിവരടങ്ങുന്ന ലീഗൽ കമ്മിറ്റിയെ ചുമതലപ്പെടുത്തി.
യോഗത്തിൽ പ്രസിഡന്റ് ഫെലിക്‌സ് ജെ. പുല്ലൂടൻ അദ്ധ്യക്ഷത വഹിച്ചു. അഡ്വ. ജോസ് ജോസഫ്, അഡ്വ. വർഗീസ് പറമ്പിൽ, അഡ്വ. കെ.വി ഭദ്രകുമാരി, അഡ്വ. സി. ടീന ജോസ്, ജേക്കബ് മാത്യു, സി.ആർ. നീലകണ്ഠൻ, പി.എ. പ്രേംബാബു, ജിയോ ജോസ്, ടി.സി. സുബ്രഹ്മണ്യൻ, പ്രൊഫ. സൂസൻ ജോൺ, പ്രൊഫ. കുസുമം ജോൺ, ജോർജ് ജോസഫ്, ആന്റോ മാങ്കൂട്ടം, ജേക്കബ് ലാസർ, റിജു കാഞ്ഞൂക്കാരൻ തുടങ്ങിയവർ സംസാരിച്ചു.