
കൊച്ചി: പറവൂർ കൂനമ്മാവിൽ അഞ്ചാം ക്ലാസ് വിദ്യാർത്ഥി ആദിത്യൻ കൊവിഡ് ബാധിച്ച് മരണപ്പെട്ടത് ഗുരുതര വീഴ്ചയാണെന്ന് കെ.പി.എസ്.ടി.എ ജില്ലാ കമ്മിറ്റി. വിദ്യാർത്ഥികളെ വെച്ചുള്ള പരീക്ഷണം അവസാനിപ്പിച്ച് കൊവിഡ് വ്യാപനത്തിൽ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു. ബാലാവകാശ കമ്മിഷൻ വിഷയത്തിൽ അടിയന്തര ഇടപെടൽ നടത്തണം. ആദിത്യന്റെ കുടുംബത്തിന് സർക്കാർ സാമ്പത്തിക സഹായം നൽകണമെന്നും കെ.പി.എസ്.ടി.എ ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് രഞ്ജിത്ത് മാത്യു അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം ടി.യു. സാദത്ത്, സി.വി. വിജയൻ, കെ.എ. ഉണ്ണി, ജില്ലാ സെക്രട്ടറി അജിമോൻ പൗലോസ് തുടങ്ങിയവർ സംസാരിച്ചു.