ആലുവ: ഗ്രാമ - ബ്ളോക്ക് പഞ്ചായത്ത് അംഗങ്ങളുടെ നേതൃത്വത്തിൽ പഞ്ചായത്ത് റോഡിൽ നിന്നും മണ്ണ് കടത്തിയിട്ടും നടപടിയെടുത്തില്ലെന്നാരോപിച്ച് എടത്തല പഞ്ചായത്ത് സെക്രട്ടറിക്കെതിരെ നാട്ടുകാർ ഓംബുഡ്‌സ്മാന് ഹിർജിനൽകി.

എടത്തല ഗ്രാമപഞ്ചായത്ത് പത്താം വാർഡിൽ കേരങ്ങാട്ടുചാൽ റോഡിന്റെ ഗുണഭോക്തക്കളാണ് പരാതി നൽകിയത്. മണ്ണെടുത്ത് റോഡ് നാശമാക്കിയിട്ടും രാഷ്ട്രീയ സ്വാധീനത്തിന് വഴങ്ങി സെക്രട്ടറി നടപടി എടുത്തില്ലെന്നും നല്ല രീതിയിൽ ഗതാഗത സൗകര്യമുണ്ടായിരുന്ന ടാറിംഗ് റോഡ് ഇല്ലാതാക്കിയെന്നും എത്രയും വേഗം റോഡ് പുനർനിർമ്മിക്കാൻ സെക്രട്ടറിക്ക് നിർദേശം നൽകണമെന്നുമാണ് ഹർജിയിൽ ആവശ്യം. ഇത് സംബന്ധിച്ച് പഞ്ചായത്ത് കമ്മിറ്റി മുമ്പാകെ പരാതി നൽകിയെങ്കിലും അനുകൂല തീരുമാനം ഉണ്ടായില്ലെന്നും ഹരജിയിൽ ഉന്നയിച്ചിട്ടുണ്ട്.

കെ.എം. മീതിയൻ, കൊച്ചുതുത്തിൽ ഉണ്ണികൃഷ്ണൻ, വി.എം. ഹംസ എന്നിവരാണ് ഓംബുഡ്സ്മാനെ സമീപിച്ചത്.