പറവൂർ: പറവൂർ ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള അഞ്ച് പഞ്ചായത്തുകളിലെ പട്ടികജാതി, പട്ടികവർഗ വിഭാഗത്തിലെ തൊഴിലുറപ്പ് തൊഴിലാളികളുടെ കൂലി മുടങ്ങി. ഇതിനെതിരെ ബ്ലോക്ക് പഞ്ചായത്ത് കമ്മറ്റി ഐകകണ്ഠേന പ്രമേയം പാസാക്കി. ജനറൽ, പട്ടികജാതി, പട്ടികവർഗം എന്നിങ്ങനെ തരം തിരിച്ചു കൂലി നൽകാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചിരുന്നു. അഞ്ച് പഞ്ചായത്തുകളിലുമായി 36,31 554 രൂപയാണ് കുടിശികയുള്ളത്. പട്ടികജാതിക്കാർ 36,08,799 രൂപയും പട്ടികവർഗക്കാർക്ക് 22,755 രൂപയുമാണ് നൽകേണ്ടത്. സമൂഹത്തിലെ ദുർബല വിഭാഗമായ പട്ടികജാതി, പട്ടികവർഗക്കാർക്ക് ആദ്യം പണം ലഭിക്കുന്നതിന് വേണ്ടിയാണ് കേന്ദ്ര സർക്കാർ ജാതീയമായി തരംതിരിച്ചത്. എന്നാൽ, ജനറൽ വിഭാഗത്തിന് മാത്രമാണ് നിലവിൽ കൂലി ലഭിച്ചിട്ടുള്ളത്. മൂന്ന് വിഭാഗക്കാർക്കും ഒരേ തുകയാണ് കൂലിയായി ലഭിക്കുന്നത്. മൂന്ന് മാസത്തെ തുകയാണ് കുടിശികയായി കിടക്കുന്നത്. കൊവിഡ് കാലത്ത് ജോലി ചെയ്തിട്ടും കൂലി ലഭിക്കാത്തത് ഒട്ടേറെ കുടുംബങ്ങളെ പ്രതിസന്ധിയിലാക്കി. ജാതി തിരിച്ചു കൂലി കൊടുക്കാനുള്ള തീരുമാനം പുനഃപരിശോധിക്കണമെന്നും കുടിശികയായ മുഴുവൻ തുകയും അടിയന്തരമായി വിതരണം ചെയ്യാൻ നടപടിയെടുക്കണമെന്നും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിംന സന്തോഷും വൈസ് പ്രസിഡന്റ് കെ.എസ്. സനീഷും ആവശ്യപ്പെട്ടു.