പറവൂർ: വർഷങ്ങളായി പറവൂ‌ർ താലൂക്ക് വികസന സമിതി യോഗം ചേരാതായതോടെ ജനകീയ പ്രശ്നങ്ങൾ പരിഹാരമില്ലാതെ അനന്തമായി നീളുന്നു. പൊലീസിലും കോടതിയിലും പോകാതെ പലരും ചെറിയ പരാതികളും തർക്കങ്ങളും താലൂക്ക് വികസന സമിതി മുഖേന പരിഹാരം കണ്ടെത്തിയിരുന്നു. കൊവിഡ് പശ്ചാത്തലത്തിൽ യോഗങ്ങൾ മാറ്റിവയ്ക്കുകയായിരുന്നു. എന്നാൽ പല താലൂക്കിലും യോഗങ്ങൾ പുനരാരംഭിച്ചെങ്കിലും മികച്ച പ്രവ‌‌ർത്തനത്തിന് നിരവധി അവാർ‌ഡുകൾ നേടിയ പറവൂരിൽ സമിതി ചേരാൻ അധികൃത‌ർ തയ്യാറായില്ല.

എല്ലാ മാസവും ആദ്യത്തെ ശനിയാഴ്ച കൂടുന്ന പറവൂർ താലൂക്ക് വികസന സമിതി യോഗം ചേർന്നിരുന്നത്. പ്രധാന കവലകളിലെ ഗതാഗതക്കുരുക്ക്, കുടിവെള്ള പൈപ്പ് പൊട്ടൽ, വൈദ്യുതി തകരാർ, തെരുവ് നായ് ശല്യം, ഓരുവെള്ള ഭീഷണി, ഡോക്ടർമാരുടെയും സർക്കാർ ഉദ്യോഗസ്ഥരുടെയും ഒഴിവുകൾ നികത്തിൽ തുടങ്ങിയ നിരവധി പ്രശ്നങ്ങൾ ചർച്ച ചെയ്ത് പരിഹാരം കണ്ടെത്താൻ വികസന സമിതി യോഗം അടിയന്തിരമായി കൂട്ടേണ്ടതാണ്.

വികസന സമിതി യോഗം കൂടുന്ന താലൂക്ക് ഓഫീസിൽ തന്നെ സർവേയറുടെ അഭാവത്തിൽ താലൂക്കിലെ മൊത്തം സർവേ ജോലികൾ സ്തംഭനാവസ്ഥയിലാണ്. പല പഞ്ചായത്തുകളിലും സെക്രട്ടറിമാർ അടക്കമുള്ള ഉദ്യോഗസ്ഥരുടെ നിയമനം വൈകുന്നതിനാൽ ഭരണകാര്യങ്ങളിൽ കാര്യക്ഷമതയില്ല. ചിറ്റാറ്റുകര, വടക്കേക്കര, ഏഴിക്കര പഞ്ചായത്തുകളിൽ വേലിയേറ്റ സമയത്ത് ഇടതോടുകൾ കവിഞ്ഞൊഴുകി ഓരുവെള്ളം പുരയിടങ്ങളിൽ കയറുന്നത് പുതിയ ഭീഷണിയാണ്. ദേശീയപാതയിലെ തുടർച്ചയായുള്ള അപകട മരണങ്ങൾക്ക് പരിഹാരം കണ്ടെത്തേണ്ടതുണ്ട്. ജനങ്ങളെ നേരിട്ട് ബാധിക്കുന്ന ഇത്തരം പ്രശ്നങ്ങൾ മുൻകാലങ്ങളിൽ ജനപ്രതിനിധികളും വകുപ്പ് മേധാവികളും താലൂക്ക് വികസന സമിതിയംഗങ്ങളും മാസത്തിൽ ഒരിക്കൽ കൂടി പരിഹാരം കണ്ടെത്തുകയോ മറ്റു നടപടികൾ നിർദ്ദേശിക്കുകയോ ചെയ്തിരുന്നു. പൊതു ജനങ്ങളിൽ നിന്നുള്ള പരാതികളിൽ സമിതിയംഗങ്ങൾ നേരിട്ട് സ്ഥലം സന്ദർശിച്ച് തീരുമാനമെടുത്തിരുന്നു. വിവിധ വകുപ്പുകളിലെ പിടിപ്പുകേടുകളും ഉദ്യോഗസ്ഥരുടെ അനാസ്ഥയും അഴിമതിയും വരെ വികസന സമിതിയിൽ ചർച്ച ചെയ്തു.

താലൂക്ക് വികസന സമിതി നോക്കുകുത്തിയാവുന്ന സ്ഥിതിയാണ്. സാധാകരണക്കാരുടെ ജനകീയ പ്രശ്നങ്ങൾ പരിഹരിക്കപ്പെടാത്ത നിലയാണ്. അടിയന്തരമായി സമിതി ചേരണം.

എം.കെ. രാജു

നഗരസഭ വൈസ് ചെയ‌ർമാൻ

പറവൂർ നഗരസഭ