മൂവാറ്റുപുഴ: എ.ഡി.എസ് തിരഞ്ഞെടുപ്പിന് നേതൃത്വം നൽകിയ ഉദ്യോഗസ്ഥയ്ക്ക് എതിരെ പരാതി. പായിപ്ര ഗ്രാമ പഞ്ചായത്ത് 17-ാം വാർഡിലെ എ.ഡി.എസ് തിരഞ്ഞെടുപ്പിനെതിരെയാണ് പരാതി നൽകിയത്. എ.ഡി.എസ് ഉദ്യോഗസ്ഥയുടെ അദ്ധ്യക്ഷതയിൽ നടന്ന തിരഞ്ഞെടുപ്പിൽ പക്ഷപാതപരമായ നിലപാടുകൾ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥയുടെ ഭാഗത്തുനിന്നും ഉണ്ടായതായി പരാതിയിൽ പറയുന്നു. തെരഞ്ഞെടുപ്പ് സമയത്ത് ഹാജരായ അവസാനത്തെ ആളും ഒപ്പിട്ടു കഴിഞ്ഞാൽ പിന്നീട് വരുന്നവരെ യോഗത്തിൽ പങ്കെടുപ്പിക്കേണ്ടതില്ലെന്ന തിരഞ്ഞെടുപ്പ് മാനദണ്ഡം പാലിക്കാതെ സമയം കഴിഞ്ഞുവന്നവരെ കൂടി തിരഞ്ഞെടുപ്പിൽ പങ്കെടുപ്പിക്കുവാൻ അനുമതി നൽകി. സ്ഥാനാർത്ഥികളായി 11 അഗങ്ങളുടെ പേരുകൾ വന്നശേഷം തുടർന്ന് വന്ന അംഗങ്ങളുടെ പേരുകൾ കൂടി സ്ഥാനാർത്ഥികളായി ഉൾപ്പെടുത്തി വോട്ടെടുപ്പ് നടത്തേണ്ട ഉദ്യോഗസ്ഥ അതിന് അനുവദിക്കാൻ കഴിയില്ലെന്ന് സ്വയം പ്രഖ്യാപിക്കുകയായിരുന്നു. ജനാധിപത്യവിരുദ്ധമായ ഇടപെടലുകൾ നടത്തിയ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥയുടെ പേരിൽ നടപടിയെടുക്കണമെന്നാണ് കുടുംബശ്രീ അംഗങ്ങളുടെ ആവശ്യം . നിയമവിരുദ്ധമായി നടന്ന തിരഞ്ഞെടുപ്പ് റദ്ദാക്കി ജനാധിപത്യപരമായ രീതിയിൽ തിരഞ്ഞെടുപ്പ് നടത്തുന്നതിന് അടിയന്തിര നടപടിസ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സി.പി.എം പായിപ്ര ലോക്കൽ സെക്രട്ടറി ആർ. സുകുമാരൻ ജില്ലാ കളക്ടർക്ക് പരാതി നൽകി.