വൈപ്പിൻ: എളങ്കുന്നപ്പുഴ ഗ്രാമപഞ്ചായത്തിന്റെ പടിഞ്ഞാറൻ മേഖലയിലെ പ്രധാന ജലപാതയായ ആർ.എം.പി. കനാൽ ചെളി അടിഞ്ഞു കൂടി നീരൊഴുക്കിന് തടസമായി.പെട്രോനെറ്റ് എൽ എൻ ജിയുമായി ബന്ധപ്പെട്ട ജെട്ടിയുടെ ഭാഗത്ത് ആഴം വർദ്ധിപ്പിക്കാനായി ഡ്രട്ജ് ചെയ്യുന്ന ചെളി ആർ.എം.പി. കനാൽ കൊച്ചി അഴിമുഖത്തേക്ക് തുറക്കുന്ന വായ്ഭാഗത്താണ് നിക്ഷേപിക്കുന്നത്. ഇതു മൂലം കനാലിലേക്കുള്ള നീരൊഴുക്ക് തടസപ്പെടുകയാണ്. ഇവിടെ ചെളി അടിയുന്നത് മൂലം വേലിയിറക്ക സമയത്ത് ഒന്നര അടി ആഴം മാത്രമായി ചുരുങ്ങി.
കനാലിലേക്ക് കയറുന്ന വെള്ളം വേലിയിറക്കസമയത്ത് അഴിമുഖത്തേക്ക് ഒഴുകി പോകാതെ പുതുവൈപ്പ് പ്രദേശത്ത് കനാലിന്റെ കരയിലേക്ക് കയറി വീടുകളിൽ വെള്ളപ്പൊക്കമുണ്ടാകുന്നുണ്ട്. ചെളി അടങ്ങിയ ഓരുവെള്ളം പുരയിടങ്ങളിലേക്ക് കയറുന്നത് നാട്ടുകാർക്ക് ഏറെ ബുദ്ധിമുട്ട് ഉണ്ടാക്കുന്നു. അഴിമുഖത്ത് അടിഞ്ഞുകൂടുന്ന ചെളി നീക്കം ചെയ്യേണ്ട ഉത്തരവാദിത്വം കൊച്ചിൻ പോർട്ട് ട്രസ്റ്റിനാണ്.
പോർട്ട് ട്രസ്റ്റ് ചെളി നീക്കം ചെയ്യാനാവാശ്യമായ നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മുൻ ഗ്രാമ പഞ്ചായത്ത് അംഗം സി.ജി. ബിജു കൊച്ചിൻ പോർട്ട് ട്രസ്റ്റിന് നിവേദനം നൽകി. കളക്ടർ, എം.എൽ.എ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എന്നിവർക്കും ഇത് സംബന്ധിച്ച് കത്ത് നൽകിയിട്ടുണ്ട്.