kk

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണോദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ നടൻ ദിലീപ് ഉൾപ്പെടെ അഞ്ചു പ്രതികളുടെ ആദ്യഘട്ട ചോദ്യം ചെയ്യൽ ഇന്നലെ കഴിഞ്ഞതോടെ ആശങ്കയും പിരിമുറുക്കവും വർദ്ധിച്ചു. 11 മണിക്കൂ‌ർ നീണ്ട ചോദ്യം ചെയ്യലിൽ ദിലീപ് നൽകിയ മറുപടികളിൽ പൊരുത്തക്കേടുണ്ടെന്നാണ് അന്വേഷണ സംഘം വിലയിരുത്തിയത്. പല മറുപടികളും വിശ്വസനീയമല്ലെന്നും അന്വേഷണ സംഘം വിലയിരുത്തി. കള്ളക്കേസാണെന്ന് ആവർത്തിച്ച ദിലീപ്, നടിയെ ആക്രമിക്കുന്ന ദൃശ്യം കൈപ്പറ്റിയിട്ടില്ലെന്നും കണ്ടിട്ടില്ലെന്നും പറഞ്ഞു. ഇന്നും നാളെയും ചോദ്യം ചെയ്യൽ തുടരും.

ഗൂഢാലോചനയുടെ ചുരുളഴിക്കാൻ ലക്ഷ്യമിട്ടായിരുന്നു ചോദ്യങ്ങളത്രയും. ദിലീപിന്റെ നിഷേധാത്മക പെരുമാറ്റം ഒരുഘട്ടത്തിൽ ചോദ്യം ചെയ്യലിനെ ബാധിച്ചു. ബാലചന്ദ്രകുമാ‌ർ തന്റെ അടുത്ത സുഹൃത്തല്ലെന്നും ഒരു സിനിമ വഴി മാത്രമാണ് പരിചയമെന്നും ദിലീപ് പറഞ്ഞു. നെയ്യാറ്റിൻകര ബിഷപ്പ് വഴി കേസിൽ ജാമ്യം നേടാമെന്ന് ബാലചന്ദ്രകുമാ‌ർ വാഗ്ദാനം ചെയ്തിരുന്നു. ജാമ്യം ലഭിച്ചപ്പോൾ ബിഷപ്പിന്റെയടക്കം പേരിൽ പണം ആവശ്യപ്പെട്ടെങ്കിലും നൽകിയില്ല. ഇതോടെ ബാലചന്ദ്രകുമാറിന് വൈരാഗ്യമായെന്നും തന്നെ ബ്ലാക്ക്മെയിൽ ചെയ്തെന്നും ദിലീപ് ആവ‌ർത്തിച്ചു.

അടുത്ത ദിവസം ബാലചന്ദ്രകുമാറിനെ ദിലീപിനൊപ്പം ഇരുത്തി ചോദ്യം ചെയ്യാനാണ് ക്രൈംബ്രാഞ്ചിന്റെ തീരുമാനം.

ബാലചന്ദ്രകുമാർ കൈമാറിയ ശബ്ദസാമ്പിൾ പ്രതികൾ നിഷേധിക്കാത്തത് ചോദ്യം ചെയ്യലിൽ നി‌ർണായകമാകും.

'ജീവിതത്തിൽ ആരെയും നോവിച്ചിട്ടില്ല'


ഇന്നലെ രാവിലെ ഒമ്പതോടെയാണ് മറ്റു പ്രതികളായ സഹോദരൻ അനൂപിനും സഹോദരീ ഭ‌ർത്താവ് സുരാജിനുമൊപ്പം ദിലീപ് കളമശേരി ക്രൈംബ്രാഞ്ച് ഓഫീസിൽ ഹാജരായത്. ദിലീപിനെ പ്രത്യേകം മാറ്റിയിരുത്തി രണ്ടു ഘട്ടമായി ചോദ്യം ചെയ്തു. രാവിലെ ക്രൈംബ്രാഞ്ച് സൂപ്രണ്ട് മോഹനചന്ദ്രൻ നായരുടെ നേതൃത്വത്തിലായിരുന്നു നടപടികൾ. ക്രൈംബ്രാ‌ഞ്ച് മേധാവി എസ്. ശ്രിജിത്ത്, മദ്ധ്യമേഖലാ റേഞ്ച് ഐ.ജി. ഗോപേഷ് അഗർവാ‌ൾ എന്നിവ‌ർ പിന്നീട് നേതൃത്വം ഏറ്റെടുത്തു.

ജീവിതത്തിൽ ഒരാളെപ്പോലും നോവിച്ചിട്ടില്ലെന്നും വിചാരണക്കോടതിയിൽ ജഡ്‌ജി പറഞ്ഞപ്പോൾ പോലും ആക്രമണ ദൃശ്യം കാണാൻ കൂട്ടാക്കാത്ത ആളാണ് താനെന്നുമായിരുന്നു ദിലീപിന്റെ നിലപാട്. ദൃശ്യം വേണമെന്ന് കോടതിയിൽ ആവശ്യപ്പെട്ടത് എന്തിനെന്ന ചോദ്യത്തിന് മറുപടിയുണ്ടായില്ല.

മറ്റു പ്രതികളായ അനൂപ്, സുരാജ്, മാനേജർ അപ്പു, സുഹൃത്ത് ബൈജു ചെങ്ങമനാട് എന്നിവരെയും ചോദ്യം ചെയ്തു. ഗൂഢാലോചനയുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് ആരാഞ്ഞത്. ഓരോരുത്തരെയായി പ്രത്യേക മുറികളിലാണ് ചോദ്യം ചെയ്തത്. ചോദ്യം ചെയ്യലിനു ശേഷം അന്വേഷണ ഉദ്യോഗസ്ഥ‌‌ർ യോഗം ചേ‌ർന്ന് മൊഴികൾ വിലയിരുത്തി.

"ദിലീപിന്റെയും മറ്റ് പ്രതികളുടെയും മൊഴികൾ പഠിച്ചശേഷമായിരിക്കും ഇന്നത്തെ ചോദ്യം ചെയ്യൽ. അന്വേഷണത്തോട് പ്രതികൾ സഹകരിക്കുന്നുണ്ടോ എന്നത് ഇപ്പോൾ പുറത്തുപറയാനാവില്ല

എസ്. ശ്രീജിത്ത്

ക്രൈം ബ്രാഞ്ച് മേധാവി