ആലുവ: കീഴ്മാട് ഗ്രാമപഞ്ചായത്തിലെ ചാലക്കൽ - തുമ്പിച്ചാൽ തോട് അറ്റകുറ്റപ്പണി നടത്താത്തതിനെ തുടർന്ന് കർഷകർ കൃഷി നാശ ഭീതിയിൽ. തുമ്പിച്ചാൽ, വട്ടച്ചാൽ, ചാലക്കൽ പാടശേഖരങ്ങളിലൂടെ പെരിയാറിലേക്ക് പോകുന്ന തുമ്പിച്ചാൽ - ചാലക്കൽ തോട് പുല്ലും കാടും കയറി നശിക്കുകയാണ്.

12 അടിയോളം വീതിയുള്ള തോടിന്റെ കുറെ ഭാഗം വർഷങ്ങൾക്ക് മുമ്പ് ഇരുവശവും സംരക്ഷണ ഭിത്തി നിർമ്മിച്ചിരുന്നു. ഇത് പലയിടങ്ങളിലും ഇടിഞ്ഞ് പുല്ലും കാടും കയറിയ അവസ്ഥയിലാണ്. ഒന്നര കിലോമീറ്ററോളം ദൂരത്തിൽ സംരക്ഷണ ഭിത്തിയുമില്ല. ഇവിടെയെല്ലാം മൂന്ന്, നാല് അടി വീതി മാത്രമായി ചുരുങ്ങി. ഇതേതുടർന്ന് വെള്ളം ഒഴുകി പോകുന്നില്ല. മഴക്കാലങ്ങളിൽ

തോട് നിറഞ്ഞ് നെൽപ്പാടത്തേക്ക് ഒഴുകുന്നതാണ് കൃഷി നാശത്തിന് കാരണം.

മുൻകാലങ്ങളിൽ മഴക്കാലത്തും ഈ പാടശേഖരത്തിലെ കൃഷിക്ക് നാശം സംഭിച്ചിരുന്നില്ല. പെരിയാറിൽ നിന്ന് വെള്ളം വലിയ രീതിയിൽ വന്നാൽ മാത്രമെ ഈ പാടശേഖരങ്ങൾ മുങ്ങാറുണ്ടായിരുന്നുള്ളു. എന്നാൽ തുമ്പി ച്ചാലിൽ നിന്നും വാരിക്കാട്ട് കുടി, ഇരുമ്പായി, പൊങ്ങംവേലി തുടങ്ങിയിടങ്ങളിൽ കൂടി പെരിയാറിലേക്ക് പോകുന്ന തുമ്പിച്ചാൽ ചാലയ്ക്കൽ തോട് നന്നാക്കാത്തതിനാൽ തുമ്പി ച്ചാൽ, വട്ടച്ചാൽ പാടശേഖരങ്ങൾ വെള്ളത്തിലാകുന്നതെന്ന് കർഷകർ പറയുന്നു.
മുൻ വർഷങ്ങളിൽ തൊഴിലുറപ്പ് തൊഴിലാളികള ഉപയോഗിച്ച് തോട്ടിലെപുല്ലും കാടും വെട്ടി നന്നാക്കാറുണ്ട്. എന്നാൽ ഇക്കുറി തോടിൽ നവീകരണം നടത്തിയിട്ടില്ല. വെള്ളക്കെട്ട് മൂലം തുമ്പിച്ചാൽ വട്ടച്ചാൽ, ചാലക്കൽ പാടശേഖരങ്ങളിലായി കർഷകരുടെ ഏക്കർ കണക്കിന് വാഴയും കപ്പയുമാണ് കുറെ വർഷങ്ങളായി നശിക്കുന്നത്. തോട് നന്നാക്കണമെന്നാവശ്യപ്പെട്ട് കീഴ്മാട് പഞ്ചായത്ത്, വാഴക്കുളം ബ്ലോക്ക്, ജില്ലാ പഞ്ചായത്ത്, എം.പി, എം.എൽ.എ എന്നിവർക്ക് കർഷകർ പരാതി നൽകിയെങ്കിലും ഫലമുണ്ടായില്ലെന്ന് കർഷകനായ സുരേന്ദ്രൻ പറഞ്ഞു.

ആറാം വാർഡ് ഗ്രാമസഭയിലും കർഷർ വിഷയം ഉന്നയിച്ചിരുന്നു. ആവശ്യമായ ഫണ്ട് ഇല്ലെന്നാണ് അധികൃതർ പറയുന്നത്. തുമ്പിച്ചാൽ വട്ടച്ചാൽ പാടശേഖരത്തിൽ കൃഷിയിറക്കാൻ സൂര്യ സ്വയം സഹായ സംഘത്തിന്റെ നേതൃത്വത്തിൽ യുവാക്കൾ തയ്യാറായെങ്കിലും തോട് നന്നാക്കാത്തതിനാൽ പിന്മാറുകയായിരുന്നു. തോട് നവീകരണം ഈ വേനലിൽ തന്നെ നടത്തണമെന്ന് കർഷകർ ആവശ്യപ്പെട്ടു.