കോലഞ്ചേരി: മഴുവന്നൂർ പഞ്ചായത്തിൽ ഒരുകോടി രൂപ ധനകാര്യ കമ്മിഷൻ ഗ്രാന്റ് നഷ്ടപ്പെടുത്തിയതായി പരാതി. ഭരണസമിതിയുടെ പിടിപ്പുകേടാണ് സംഭവത്തിന് പിന്നിലെന്ന് പ്രതിപക്ഷ ആരോപണം. സംസ്ഥാനത്തെ എല്ലാ തദ്ദേശഭരണ സ്ഥാപനങ്ങളും അടുത്ത സാമ്പത്തിക വർഷം ലഭിക്കുന്ന ഗ്രാന്റ് ഉപയോഗിച്ച് ഏ​റ്റെടുക്കുന്ന പദ്ധതികൾ നിയമാനുസരണം തയ്യാറാക്കി 28 നകം 'ഇഗ്രാം സ്വരാജ്' എന്ന പോർട്ടലിൽ നൽകണമെന്ന് ഡിസംബർ മാസത്തിൽ ഉത്തരവ് ലഭിച്ചിരുന്നു. ഇനി ദിവസങ്ങൾ മാത്രം ശേഷിക്കെ ഇതിനു മുന്നോടിയായി നടക്കേണ്ട ആസൂത്രണ സമിതി, വർക്കിംഗ് ഗ്രൂപ്പ്, പഞ്ചായത്ത് കമ്മിറ്റി രണ്ടു വട്ടം ചേരണം, ഗ്രാമസഭ യോഗങ്ങളും പൂർത്തിയായാൽ മാത്രമാണ് നടപടികൾ പൂർത്തിയാക്കാൻ കഴിയൂ.

ആസൂത്രണ സമിതി വിളിച്ചു ചേർക്കാൻ സമിതി അംഗങ്ങളുടെ പേരുവിവരം പഞ്ചായത്തിൽ ലഭ്യമല്ലെന്നാണ് പ്രതിപക്ഷം പറയുന്നത്. കഴിഞ്ഞ വർഷം പൊലീസ് സംരക്ഷണയിൽ നടന്നുവെന്ന് പറയപ്പെടുന്ന യോഗത്തിന്റെ വിശദവിവരങ്ങൾ പഞ്ചായത്ത് രേഖയിലില്ല. ആസൂത്രണ, വർക്കിംഗ് ഗ്രൂപ്പ് അംഗങ്ങളുടെ അഡ്രസ് പലവട്ടം സെക്രട്ടറി ആവശ്യപ്പെട്ടെങ്കിലും ഭരണ സമിതി നൽകിയിട്ടില്ലെന്നും പ്രതിപക്ഷം ആരോപിച്ചു. ഇതോടെ മഴുവന്നൂർ പഞ്ചായത്തിന് ലഭിക്കേണ്ട ഒരുകോടി രൂപ ധനകാര്യ കമ്മീഷൻ ഗ്രാന്റ് അടുത്ത സാമ്പത്തിക വർഷം ലഭിക്കാതെ വരും. ഗ്രാന്റ് നഷ്ടപ്പെടുത്തിയ സംഭവത്തിൽ പ്രത്യക്ഷ സമരത്തിന് ഒരുങ്ങുകയാണ് പ്രതിപക്ഷമെന്ന്
അംഗങ്ങളായ ജോർജ്ജ് ഇടപ്പരത്തി, കെ. പി. വിനോദ് കുമാർ, വി ജോയിക്കുട്ടി, കെ. കെ. ജയേഷ് തുടങ്ങിയവർ അറിയിച്ചു.