പെരുമ്പാവൂർ: പട്ടികജാതിക്കാരുടെ ആനുകൂല്യങ്ങൾ അർഹരായവർക്ക് നൽകാതെ ഇഷ്ടക്കാർക്ക് നൽകിയ സംഭവത്തിൽ വ്യാപകപ്രതിഷേധമുയരുന്നു. കൂവപ്പടി ബ്‌ളോക്ക് പഞ്ചായത്തിന് കീഴിൽ പെരുമ്പാവൂർ നഗരസഭയിലാണ് ഇടതുപക്ഷ പാർട്ടി പ്രവർത്തകരെ എസ്.സി പ്രമോട്ടർമാരായി തിരുകി കയറ്റി സ്വജനപക്ഷപാതിത്വവും ക്രമക്കേടുകളും നടത്തിയത്. ക്രമക്കേട് കണ്ടെത്തിയതിനെത്തുടർന്ന് സി.പി.എം ബ്രാഞ്ച് കമ്മിറ്റി അംഗം കെ.കെ.സുമേഷ്, പ്രവർത്തകയായ കെ.സി.മായ എന്നിവരെ ജില്ലാ പട്ടികജാതി വികസന ഓഫീസർ പുറത്താക്കിയിരുന്നു.
പട്ടികജാതിക്കാർക്ക് വീടും സ്ഥലവും ലഭിക്കുന്നതിനുളള അപേക്ഷകരെക്കുറിച്ചുളള സത്യാവസ്ഥകൾ മറച്ച് വയ്ക്കൽ, ഇഷ്ടക്കാർക്ക് മാനദണ്ഡങ്ങൾ നോക്കാതെ ആനുകൂല്യങ്ങൾ ലഭ്യമാക്കൽ എന്നിവയാണ് ഇവർക്കെതിരെയുളള ക്രമക്കേടുകൾ. ഇതേത്തുടർന്ന് കൂവപ്പടി ബ്‌ളോക്ക് എസ്.സി ഡെവലപ്‌മെന്റ് ഓഫീസർ രാജീവ് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജില്ലാ പട്ടികജാതി വികസന ഓഫീസർ നടപടി എടുക്കുകയായിരുന്നു

സംഭവത്തെത്തുടർന്ന് പ്രതിഷേധം കനക്കുകയാണ്. വിവിധ പട്ടികജാതി സംഘടനകൾ, യൂത്ത് കോൺഗ്രസ്, ഹിന്ദു ഐക്യവേദി തുടങ്ങിയ സംഘടനകൾ അന്വേഷണം ആവശ്യപ്പെട്ട് രംഗത്തെത്തിയിട്ടുണ്ട്. കഴിഞ്ഞ ഒരു വർഷത്തോളം ഇവർ ഇടപെട്ട ആനുകൂല്യങ്ങൾ ഇഷ്ടക്കാർക്കും ബന്ധുക്കൾക്കുമാണ് ലഭിച്ചത്. ഇതോടെ വീടില്ലാത്തവർ ഉൾപ്പെടെയുളള അപേക്ഷകൾ നിർബാധം തളളിയിരുന്നു. അതിനാൽ ഈ കാലയളവിൽ നൽകിയ ആനുകൂല്യങ്ങൾ പുനപരിശോധിക്കണമെന്നും ഇവർക്കെതിരെ കേസ് നൽകണമെന്നുമാണ് ആവശ്യം.

സംഭവത്തിൽ ഇരുവർക്കുമെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് കൂവപ്പടി ബ്‌ളോക്ക് ഓഫീസിലേക്ക് മാർച്ച് നടത്താൻ ഒരുങ്ങുകയാണ്.

ഇടതുപക്ഷക്കാരായ പട്ടികജാതിക്കാർക്ക് മാത്രം ആനുകൂല്യം നൽകി വന്ന സുമേഷ്, മായ എന്നീ എസ്.സി പ്രമോട്ടർമാർക്കെതിരെ കേസെടുക്കണമെന്നും ഹിന്ദു ഐക്യവേദി മേഖലാ ജന.സെക്രട്ടറി എൽ.ശ്രീകുമാർ ആവശ്യപ്പെട്ടു. ഇത്തരക്കാർക്കെതിരെ സി.പി. എം എന്ത് നിലപാട് സ്വീകരിക്കുമെന്നും ശ്രീകുമാർ പറഞ്ഞു.

അതിനിടെ, സംഭവത്തിൽ പാർട്ടിതലത്തിൽ അന്വേഷണം നടത്തുകയാണെന്ന് സി.പി. എം നേതാക്കൾ അറിയിച്ചു. മുനിസിപ്പൽ തിരഞ്ഞെടുപ്പിൽ മത്സരിച്ചയാളാണ് മായ. അതിന് മുൻപുളള പ്രാവശ്യം സുമേഷും മൽസരിച്ചിരുന്നു. ഇരുവർക്കെതിരെ നടപടി ആവശ്യപ്പെട്ട് പാർട്ടിക്കകത്തും മുറുമുറുപ്പ് ഉയരുകയാണ്. ഇത് സംബന്ധിച്ച് ജില്ലാ കമ്മിറ്റിക്കും പരാതി നൽകിയിട്ടുണ്ട്.