1

മട്ടാഞ്ചേരി: കൽവത്തി ചുങ്കം പാലത്തിനു സമീപത്തെ അങ്കണവാടിക്ക് പിറകുവശത്തെ ഒഴിഞ്ഞ പറമ്പിൽ സൂക്ഷിച്ചിരുന്ന മരത്തടികൾക്ക് തീപിടിച്ചു. കബീർ എന്നയാളാണ് ഇവിടെ ഉപയോഗിച്ച മരകഷണങ്ങൾ സൂക്ഷിച്ചിരുന്നത്. ഞായറാഴ്ച ഉച്ചയ്ക്ക് 2 മണിയോടെയാണ് സംഭവം. ഫയർഫോഴ്സ് എത്തിയാണ് തീ അണച്ചത്. ഇത് ആറാംതവണയാണ് ഇവിടെ തീപിടിത്തം ഉണ്ടാകുന്നതെന്നാണ് വിവരം. ഇവിടെ മരത്തടികൾ കൂട്ടിയിടരുതെന്ന് നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നതായും മേഖലയിൽ മയക്കുമരുന്ന് ഉപയോഗിക്കുന്നവരുടെ ശല്യമുള്ളതായും നാട്ടുകാർ പറയുന്നു . മയക്കുമരുന്ന് ഉപയോഗിക്കുന്നവർ തീകൊളുത്തുന്നതാകാമെന്നാണ് നാട്ടുകാർ ചുണ്ടിക്കാട്ടുന്നത്. ഫോർട്ടുകൊച്ചി കുട്ടികളുടെ പാർക്കിന് സമീപത്തെ കൊച്ചിൻ പോർട്ടിന്റെ പഴയ കെട്ടിടവളപ്പിൽ കൂട്ടിയിട്ടിരുന്ന മാലിന്യത്തിനും ഞായറാഴ്ച വൈകിട്ട് 4 മണിയോടെ തീപിടിച്ചു. മട്ടാഞ്ചേരി ഫയർഫോഴ്സ് അസി. ഫയർ ആഫീസർ സി.പി. ബൈജുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് രണ്ടിടത്തും തീ അണച്ചത്.