
കൊച്ചി: എടവനക്കാട് ഗ്രാമപഞ്ചായത്തിലെ കുടിവെള്ളക്ഷാമം പരിഹരിക്കാൻ ചൊവ്വര കുടിവെള്ള പദ്ധതിയിൽ നിന്ന് ജലം ലഭ്യമാക്കുമെന്ന് വാട്ടർ അതോറിട്ടി ഹൈക്കോടതിയിൽ അറിയിച്ചു. എടവനക്കാട് പഞ്ചായത്തിലെ ജലക്ഷാമം പരിഹരിക്കാൻ നടപടി വേണമെന്നാവശ്യപ്പെട്ട് പ്രദേശവാസിയും ഹൈക്കോടതി അഭിഭാഷകനുമായ കെ.എ. ജലീൽ നൽകിയ ഹർജിയിലാണ് ഇക്കാര്യം അറിയിച്ചത്. പഞ്ചായത്തിലെ ഒന്ന്, ഒമ്പത്, 12,13,14 വാർഡുകളിൽ ജലക്ഷാമം രൂക്ഷമാണെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. തുടർന്നാണ് ചൊവ്വര കുടിവെള്ള പദ്ധതിയിൽ നിന്ന് വെള്ളം ലഭ്യമാക്കാൻ നടപടിയെടുക്കുമെന്ന് വാട്ടർ അതോറിട്ടി ഡെപ്യൂട്ടി ചീഫ് എൻജിനിയർ സി.ഒ. അനിത വിശദീകരണം നൽകിയത്. പതിനാലാം വാർഡിനു പടിഞ്ഞാറുള്ള 423 കുടുംബങ്ങൾ ഹർജിയിൽ കക്ഷി ചേരാൻ നൽകിയ അപേക്ഷ ജസ്റ്റിസ് എൻ. നഗരേഷ് അനുവദിച്ചു.
 നടപടി ആരംഭിച്ചു
എടവനക്കാട് ജലക്ഷാമം നേരിടുന്ന വാർഡുകളിൽ കുടിവെള്ളം എത്തിക്കുന്നതിനുള്ള നടപടി ആരംഭിച്ചതായി ജല അതോറിട്ടി നോർത്ത് പറവൂർ എക്സിക്യൂട്ടീവ് എൻജിനിയർ അറിയിച്ചു. ചൊവ്വരയിൽ നിന്ന് വെള്ളം നോർത്ത് പറവൂരിൽ എത്തിച്ച് അവിടെ നിന്നാണ് എടവനക്കാട് തുടങ്ങിയ പ്രദേശങ്ങളിലേക്ക് പമ്പ് ചെയ്യുന്നത്.
എടവനക്കാട് 11.8 ലക്ഷം ലിറ്റർ സംഭരണ ശേഷിയുള്ള ടാങ്കാണ് ഉള്ളത്. ഇവിടേക്ക് ഒന്നിടവിട്ട ദിവസങ്ങളിലാണ് പമ്പിംഗ്. ഇത് പഴയതു പോലെ തന്നെ പൂർണമായി നടക്കും. ആവശ്യമുള്ള ദിവസങ്ങളിൽ പമ്പിംഗ് കൂട്ടും. ഇടവനക്കാട് ജല ലഭ്യത ഉറപ്പുവരുത്തുമെന്നും എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.
 പ്രതി വൈദ്യുതി
കുടിവെള്ള വിതരണം മുടങ്ങുന്നതിനുള്ള പ്രധാന കാരണം ചൊവ്വരയിലും നോർത്ത് പറവൂരിലും വൈദ്യുതി മുടങ്ങുന്നതാണ്. ചൊവ്വരയിൽ വൈദ്യുത തടസം പതിവാണ്. ഇത് പരിഹരിക്കുന്നതിന് ചൊവ്വരയിൽ ജലജീവൻ മിഷന്റെ നേതൃത്വത്തിൽ ഡെഡിക്കേറ്റഡ് വൈദ്യുതി ഫീഡർ ലൈൻ സ്ഥാപിക്കും. ഇതിനുള്ള നടപടികൾ ആരംഭിച്ചു.