കൊച്ചി: ഗുരുവായൂർ ദേവസ്വത്തിലെ അസി. മാനേജർമാരുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ ഹർജിയിൽ ദേവസ്വം മാനേജിംഗ് കമ്മിറ്റിയുടെ തീരുമാനപ്രകാരം പ്രൊമോഷൻ നടത്തണമെന്ന വിധി നടപ്പാക്കുമോയെന്ന് അറിയിക്കാൻ ഹൈക്കോടതി നിർദ്ദേശിച്ചു. ഇപ്പോഴത്തെ ദേവസ്വം അഡ്‌മിനിസ്ട്രേറ്ററെ ഇതിനായി ഹർജിയിൽ സ്വമേധയാ കക്ഷി ചേർത്തു. ഹർജി ഇന്ന് വീണ്ടും പരിഗണിക്കും. വിധി നടപ്പാക്കുന്നില്ലെങ്കിൽ കോടതിയലക്ഷ്യ നടപടിയുമായി മുന്നോട്ടു പോകേണ്ടി വരുമെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വ്യക്തമാക്കി.
ഗുരുവായൂർ ദേവസ്വം എംപ്ളോയീസ് റെഗുലേഷൻസ് അനുസരിച്ച് മാനേജർ തസ്തികയിലേക്കുള്ള പ്രൊമോഷൻ മാനേജിംഗ് കമ്മിറ്റിയാണ് തീരുമാനിക്കേണ്ടത്. ഇതിനു വിരുദ്ധമായി ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് പ്രൊമോഷൻ നിശ്ചയിക്കാനായി വകുപ്പുതല പ്രൊമോഷൻ കമ്മിറ്റിക്ക് രൂപം നൽകിയതിനെതിരെ അസി. മാനേജർമാരായ കെ.എസ്. മായാദേവി, എം. രാധ, ബിന്ദു ലതാ മേനോൻ എന്നിവർ നൽകിയ ഹർജിയിൽ മാനേജിംഗ് കമ്മിറ്റി പ്രൊമോഷൻ തീരുമാനിക്കാൻ ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു. പ്രൊമോഷൻ തീരുമാനിക്കാനുള്ള അധികാരം തങ്ങൾക്കാണെന്ന് വിലയിരുത്തി ദേവസ്വം മാനേജിംഗ് കമ്മിറ്റി ഇതു നടപ്പാക്കാൻ അഡ്‌മിനിസ്‌ട്രേറ്ററെ ചുമതലപ്പെടുത്തിയെങ്കിലും നടപ്പാക്കിയില്ലെന്ന പേരിലാണ് കോടതിയലക്ഷ്യ ഹർജി.
അഡ്മിനിസ്ട്രേറ്റർ ടി. ബ്രീജാകുമാരി ഡിവിഷൻ ബെഞ്ചിനെ സമീപിച്ച് കോടതിയലക്ഷ്യ ഹർജിയിൽ സ്റ്റേ വാങ്ങിയിരുന്നു. ഇതിനുശേഷം ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് സെക്രട്ടറിയുടെ അപേക്ഷയിൽ പ്രൊമോഷൻ നടപ്പാക്കാനുള്ള മാനേജിംഗ് കമ്മിറ്റിയുടെ പ്രമേയം സർക്കാർ റദ്ദാക്കി. ഇതേ ദിവസം തന്നെ വകുപ്പുതല പ്രൊമോഷൻ കമ്മിറ്റി ശുപാർശ ചെയ്തവർക്ക് പ്രൊമോഷൻ നൽകി അഡ്‌മിനിസ്ട്രേറ്റർ ഉത്തരവുമിറക്കി. ഇതു ഗൗരവമായി എടുത്ത ഡിവിഷൻ ബെഞ്ച് കോടതിയലക്ഷ്യ നടപടി തുടരാൻ അനുമതി നൽകി. മാനേജിംഗ് കമ്മിറ്റിയുടെ പ്രമേയം റദ്ദാക്കിയ ഉത്തരവ് ഇതിനിടെ ജനുവരി 17 ന് സർക്കാർ മരവിപ്പിച്ചു. തുടർന്നാണ് കോടതിയലക്ഷ്യ ഹർജിയിൽ മുൻ ഉത്തരവു നടപ്പാക്കാൻ തയ്യാറാണോയെന്ന് സിംഗിൾബെഞ്ച് ആരാഞ്ഞത്. കഴിഞ്ഞ സെപ്തംബറിൽ അഡ്മിനിസ്ട്രേറ്റർ ബ്രീജ കുമാരി വിരമിച്ചതോടെ പുതിയ അഡ്മിനിസ്ട്രേറ്ററാണ് നിലിവലുള്ളത്.