
കൊച്ചി: ഭക്ഷണശാലകളിലെ ശുചിത്വത്തിന് അനുസരിച്ച് ഗ്രേഡിംഗ് ഏർപ്പെടുത്താനൊരുങ്ങി സംസ്ഥാന ഭക്ഷ്യ സുരക്ഷാവകുപ്പ്. ഹോട്ടലുകൾ, റസ്റ്റോറന്റുകൾ, ബേക്കറികൾ എന്നിവയ്ക്കാണ് ഹൈജീൻ റേറ്റിംഗ് വിഭാവനം ചെയ്യുന്നത്. ഭക്ഷണശാലയിൽ ശുചിത്വം ഉറപ്പാക്കുകയും ജനങ്ങളെ ആകർഷിക്കുകയുമാണ് ലക്ഷ്യം.
ഫുഡ് സേഫ്റ്രി ആൻഡ് റസ്റ്റോറന്റ് അതോറിട്ടി ഒഫ് ഇന്ത്യയുടെ അംഗീകാരമുള്ള ഏജൻസികൾ മുഖേന ഭക്ഷണശാലകളിൽ ഗ്രേഡിംഗ് പരിശോധന നടത്തും.
ശുചിത്വം, ഭക്ഷ്യവസ്തുക്കളുടെ സൂക്ഷിപ്പ്, സംഭരണയളവിലെ ഗുണനിലവാര പരിശോധനകൾ, രേഖകൾ സൂക്ഷിക്കുന്നതിലെ കൃത്യത എന്നിവയാണ് ഗ്രേഡിംഗ് മാനദണ്ഡങ്ങൾ. ഉന്നതനിലവാരം പുലർത്തുന്ന സ്ഥാപനങ്ങൾക്ക് ഫെെവ് സ്റ്റാർ ഗ്രേഡ് നൽകും. അതിനു താഴെയുള്ളവയ്ക്ക് ഫോർ സ്റ്റാർ, ത്രീ സ്റ്റാർ, ടു സ്റ്റാർ, വൺ സ്റ്റാർ എന്നിങ്ങനെയാണ് ഗ്രേഡുകൾ. ഭക്ഷ്യസുരക്ഷാ ലൈസൻസോ രജിസ്ട്രേഷനോ ഉള്ള സ്ഥാപനങ്ങൾക്ക് ഹൈജീൻ റേറ്റിംഗ് പദ്ധതിയിൽ ഉൾപ്പെടാൻ അപേക്ഷിക്കാം.
 ജില്ലയിൽ 70 ഹോട്ടലുകൾ
ജില്ലയിൽ ഗ്രേഡിംഗ് നൽകുന്നതിന് 14 സർക്കിളുകളിൽ നിന്ന് അഞ്ചെണ്ണം വീതം 70 ഭക്ഷണശാലകളെയാണ് തിരഞ്ഞെടുത്തത്. വിശദമായ പരിശോധനകൾ കഴിഞ്ഞശേഷം ഭക്ഷണശാലകളിൽ ചില മാറ്റങ്ങൾ വരുത്താൻ വകുപ്പ് ഉടമകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ഇനി ഏജൻസികൾ ഭക്ഷണശാലകൾക്ക് റേറ്റിഗ് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യും. ഈ ഹോട്ടലുകളുടെ വിവരങ്ങൾ എഫ്.എഫ്.എസ്.എ.ഐയുടെ വെബ്സൈറ്റിൽ ചേർക്കും.
എൻ.പി.മുരളി
എറണാകുളം, അസിസ്റ്റന്റ് കമ്മിഷണർ
ഭക്ഷ്യ സുരക്ഷാ വകുപ്പ്.