മൂവാറ്റുപുഴ: നവീകരണം നടക്കുന്ന കക്കടാശേരി- കാളിയാർ റോഡിലെ അനധികൃതകൈയേറ്റം ഒഴിവാക്കി കൊടുംവളവുകൾ നിവർത്തണമെന്ന ആവശ്യം ശക്തമായി. കക്കടാശേരിയിൽ നിന്നാരംഭിച്ച് ഞാറക്കാട് അവസാനിക്കുന്ന കാളിയാർ - വണ്ണപ്പുറം റോഡിലെ 20.6കിലോമീറ്റർ നവീകരണത്തിന് റീബിൽഡ് കേരളം പദ്ധതിയിൽ ഉൾപ്പെടുത്തി 67.91കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. കക്കടാശേരി - ഞാറക്കാട് റോഡ് നിർമ്മാണത്തിന് തുടക്കമായി. ബി.എം.ബി.സി ഉന്നത നിലവാരത്തിലാണ് റോഡ് നിർമ്മിക്കുക.
ഈ റോഡിലെ കക്കടാശേരി, പടിഞ്ഞാറെ പുന്നമറ്റം, കടുംപിടി, അഞ്ചൽപ്പെട്ടി, കാലാമ്പൂർ, മാവിൻചുവട്, സിദ്ധൻപടി, പുളിന്താനം, ഇല്ലിച്ചുവട് വളവ്, ഗുരുകുലം നഴ്സറി ജംഗ്ഷൻ, മഠംപടി, പോത്താനിക്കാട് ടൗൺ, ഹോളി ഏയ്ഞ്ചൽ ജംഗ്ഷൻ, പാറക്കപീടിക, ആയങ്കര, മൃഗാശുപത്രിപ്പടി, മടത്തോത്തുപാറ, പൈങ്ങോട്ടൂർ, ചാത്തമറ്റം കവല, മഞ്ചിപീടിക, കോട്ടപ്പാടം മിൽവളവ്, കടവൂർ ടൗൺ, ഷാപ്പുംപടി വളവ്, പനങ്കര, വിമൽജ്യോതി ജംഗ്ഷൻ, ഞാറക്കാട്, കൊല്ലൻപടി വളവ്, ജില്ലാ അതിർത്തി എന്നിവിടങ്ങളിൽ ഒരു ഭാരവാഹനം കടന്നുപോയാൽ മറുവശത്തുകൂടി ഓട്ടോപോലും കടന്നുപോകാൻ കഴിയാത്ത 35 കൊടുംവളവുകളും വീതികുറഞ്ഞ ഇടുങ്ങിയ ഭാഗങ്ങളുമാണ് നിലവിൽ റോഡിനുള്ളത്.
വീതികൂട്ടണം, റോഡിലെ വളവുകൾ നിവർത്തണം
68 കോടി മുടക്കി ഈ റോഡ് നിർമ്മിക്കുമ്പോൾ അപകടരഹിതമായും സുഗമമായും വാഹനങ്ങൾ കടന്നുപോകാൻ കഴിയുന്ന വിധത്തിൽ വീതി ലഭിക്കുന്നതിന് ബന്ധപ്പെട്ട ജനപ്രതിനിധികൾ റോഡിനോട് ചേർന്നുള്ളസർക്കാർ ഭൂമിയോ സ്വകാര്യ വ്യക്തികളുടെ ഭൂമിയോ ഏറ്റെടുക്കാൻ മുൻകൈയെടുക്കണമെന്നാണ് ആവശ്യം. ഇതിന് ജനകീയ, ഉദ്യോഗസ്ഥ ഇടപെടൽ ആവശ്യവുമാണ്. ഇതിലൂടെ റോഡിന്റെ വീതികൂട്ടാനും വളവുകൾ നിവർത്തുവാനും കഴിയും.
കക്കടാശേരി മുതൽ ഞാറക്കാട് വരെയുള്ള റോഡിന്റെ ഇരുവശങ്ങളിലും റോഡ് പുറമ്പോക്കും സ്വകാര്യ ഭൂമിയും ഉൾപ്പെടെ റോഡ് വികസനത്തിനായി ഭൂമി ലഭ്യമാക്കാൻ എം.എൽ.എ ഉൾപ്പെടെയുള്ളവർ മുൻകൈയെടുക്കണമെന്ന ആവശ്യമാണ് ഉയരുന്നത്. സാധ്യമായ രീതിയിൽ റോഡിലെ വീതിക്കുറവ് പരിഹരിച്ചും കൊടുംവളവുകൾ നിവർത്തിയും നിർമ്മിച്ച് മികച്ച റോഡാക്കി മാറ്റണം. അതിനായി പ്ലാൻ തയ്യാറാക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.