കൊച്ചി: സംസ്ഥാനത്തെ വ്യവസായാനുകൂലാന്തരീക്ഷം തകർക്കാൻ ശ്രമിക്കുന്നവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും ചില ഉദ്യോഗസ്ഥരുടെ മനോഭാവവും പ്രവൃത്തിയും ഇനിയും മാറാനുണ്ടെന്നും മന്ത്രി പി. രാജീവ്. സംസ്ഥാന സർക്കാരിന്റെ വ്യവസായ യന്ത്ര പ്രദർശന മേള 'മെഷിനറി എക്‌സ്‌പോ 2022' കലൂർ നെഹ്രു സ്റ്റേഡിയം ഗ്രൗണ്ടിൽ ഓൺലൈനായി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

ഒരു വർഷത്തിനകം ഒരു ലക്ഷം സംരംഭങ്ങൾ എന്ന ലക്ഷ്യവുമായി സർക്കാർ മുന്നോട്ടു പോകുകയാണ്. എല്ലാ വകുപ്പുകളും പൊതുജനങ്ങളും ഒന്നിച്ചു നിന്നാലേ ഈ ലക്ഷ്യം കൈവരിക്കാൻ സാധിക്കു. സംരംഭകർക്ക് പുതിയ അറിവുകൾ പരിചയപ്പെടുത്താനാണ് എക്‌സ്‌പോ സംഘടിപ്പിച്ചിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

140 സ്റ്റാളുകളിലായി ഭക്ഷ്യസംസ്‌കരണം, ജനറൽ എൻജിനീയറിംഗ്, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്‌സ് തുടങ്ങിയ മേഖലകളിലെ നൂതന യന്ത്ര സാമഗ്രികളാണ് മേളയിൽ പ്രദർശിപ്പിക്കുന്നത്. 27 ന് സമാപിക്കും.

ഉദ്ഘാടന ചടങ്ങിൽ മേയർ എം.അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. എക്‌സ്‌പോ ഡയറക്ടറിയുടെ പ്രകാശനം ഹൈബി ഈഡൻ എം.പി. നിർവഹിച്ചു. ടി.ജെ. വിനോദ് എം. എൽ. എ. വിശിഷ്ടാതിഥിയായിരുന്നു.