karshakan-hamsakunj
ഹംസക്കുഞ്ഞ്‌ വാഴത്തോട്ടത്തിൽ

ആലങ്ങാട്: മാമ്പ്ര നാലുസെന്റ് കോളനിയിൽ ആകെയുള്ള കിടപ്പാടത്തിനുമുന്നിൽ പതിച്ച ജപ്തിനോട്ടീസ് ഹംസക്കുഞ്ഞിനെ തളർത്തുന്നില്ല. അംഗപരിമിതിയും പ്രായത്തിന്റെ അവശതകളും വകവയ്ക്കാതെ മണ്ണിലിറങ്ങി അദ്ധ്വാനിച്ച് പ്രതിസന്ധികളെ മറികടക്കാനുള്ള പരിശ്രമത്തിലാണ് ഈ കർഷകൻ. ചെറിയപ്രായത്തിൽ പോളിയോബാധിച്ച് ഇരുകാലുകൾക്കും സ്വാധീനം നഷ്ടപ്പെട്ടു. എഴുപതുശതമാനമാണ് അംഗപരിമിതി. എങ്കിലും ഓർമ്മവച്ച കാലം മുതൽ കൃഷിയാണ് ഹംസക്കുഞ്ഞിന്റെ ജീവനോപാധി.

ക്ഷീരകർഷകനായിരുന്ന പിതാവിനെ സഹായിച്ചായിരുന്നു തുടക്കം. മുച്ചക്രവണ്ടിയിൽ പണിയായുധങ്ങളുമായി പാട്ടത്തിനടുത്ത വാഴത്തോട്ടത്തിലേക്ക് രാവിലെ പോകും. അഞ്ചേക്കർ വരുന്ന തോട്ടത്തിൽ കൈകളിൽ ഊന്നി സഞ്ചരിച്ച് വാഴകൾക്കുവേണ്ട പരിചരണം നൽകും. ഭാര്യ മറിയുമ്മയും മകൾ ഷമീനയും ഇടയ്ക്ക് സഹായത്തിനെത്തും. അറുപതാംവയസിലും ഹംസയ്ക്ക് മണ്ണ് ആവേശമാണ്.

വീടുവച്ചതും രണ്ട് പെൺമക്കളുടെ വിവാഹം നടത്തിയതുമെല്ലാം മണ്ണ് കനിഞ്ഞതുകൊണ്ടാണെന്ന് ഹംസ പറയും. എന്നാൽ പിന്നീട് കാലവർഷക്കെടുതിയും പേരക്കുട്ടിയുടെ അസുഖവും മറ്റുമായി ദുരന്തങ്ങൾ പിന്തുടർന്നു. കൃഷിക്കും ചികിത്സയ്ക്കുമായെടുത്ത ലക്ഷങ്ങളുടെ കടംപെരുകി. സഹകരണബാങ്കിലെ വായ്പയുടെ തിരിച്ചടവ് മുടങ്ങിയപ്പോൾ വീടിനുമുന്നിൽ ജപ്തി നോട്ടീസ് പതിച്ചു. ലക്ഷങ്ങളുടെ കടക്കാരനായെങ്കിലും കൃഷി ഉപേക്ഷിക്കാൻ ഹംസ ഒരുക്കമല്ല. നനഞ്ഞ മണ്ണിൽ കരങ്ങളൂന്നി നിവർന്നുനിൽക്കാനുള്ള ശ്രമത്തിലാണ് ഈ കർഷകൻ.