
കൊച്ചി: സർക്കാർ-എയ്ഡഡ് വിദ്യാലയങ്ങളിലെ കിച്ചൻ കം സ്റ്റോർ പദ്ധതിയെ കുരുക്കിലാക്കി സർക്കാരിന്റെ ഫണ്ട് വകമാറ്റൽ. പദ്ധതിക്ക് 137.66 കോടി രൂപ സർക്കാർ അനുവദിച്ചിരുന്നു. 2021 മാർച്ച് 19ന് തുക വിദ്യാഭ്യാസ ഡയറക്ടർ മുഖേന സ്‌കൂളുകൾക്ക് നൽകാൻ ഉത്തരവുമിറക്കി. പി.ടി.എയുടെ നേതൃത്വത്തിൽ കമ്മിറ്റികൾ രൂപീകരിച്ച് തദ്ദേശ സ്ഥാപനത്തിന്റെ മേൽനോട്ടത്തിൽ നിർമ്മാണം തുടങ്ങാനായിരുന്നു നിർദ്ദേശം. 2021 ഏപ്രിൽ 30ന് നിർമ്മാണം പൂർത്തീകരിച്ച് സർട്ടിഫിക്കറ്റ്, ധനവിനിയോഗപത്രം എന്നിവ സമർപ്പിച്ച് മേയ് 15നുള്ളിൽ അഡ്വാൻസ് തുക തീർപ്പാക്കണമെന്നായിരുന്നു വ്യവസ്ഥ. മിക്ക സ്കൂളുകളിലും നിർമ്മാണ നടപടികൾ ഇഴഞ്ഞതോടെ തുക സർക്കാർ ഖജനാവിലേക്ക് തിരിച്ചെടുത്തു. ഇതോടെ പല സ്കൂളുകളിലും പണി പാതിവഴിയിൽ നിലച്ചു. പണം വീണ്ടും ലഭിക്കുമെന്ന പ്രതീക്ഷയിലാണ് വിദ്യാഭ്യാസ വകുപ്പ്. 2019ലെ വിവരശേഖരണ പ്രകാരമാണ് സ്‌കൂളുകൾ തിരഞ്ഞെടുത്തത്. 60 ശതമാനം കേന്ദ്ര വിഹിതവും 40 ശതമാനം സംസ്ഥാന വിഹിതവുമാണ്.
കിച്ചൻ കം സ്റ്റോർ
സർക്കാർ-എയ്ഡഡ് സ്‌കൂളിൽ ഏകീകൃതമായി പാചകപ്പുരയും സ്റ്റോർ റൂമും ഒരുമിച്ച് നിർമ്മിക്കുന്ന പദ്ധതി. ഭൂരിഭാഗം സ്‌കൂളുകളിലും പാചകപ്പുരയും സ്റ്റോർ റൂമും ശോച്യാവസ്ഥയിലാണെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് പദ്ധതി തയ്യാറാക്കിയത്.
 ജില്ല - സ്കൂൾ എണ്ണം - ലഭിക്കേണ്ട തുക (കോടി)
തിരുവനന്തപുരം: 189 -10.77
 കൊല്ലം: 142 - 9.81
 പത്തനംതിട്ട: 64 - 4.03
 ആലപ്പുഴ: 163 -10.65
 കോട്ടയം: 154 - 10.04
 ഇടുക്കി: 52 - 3.43
 എറണാകുളം: 87 - 6.29
 തൃശൂർ: 158 - 10.89
 പാലക്കാട്: 156 -10.80
 മലപ്പുറം: 296 - 22.64
 കോഴിക്കോട്: 175 - 12.02
 വയനാട്: 37 - 2.66
 കണ്ണൂർ: 255- 17.61
 കാസർകോട്: 83 - 5.96
 ''നേരത്തെ അനുവദിച്ച ഫണ്ടാണ്. ഫണ്ട് ലഭിക്കാനായി റീ അപ്രൂവലിന് നൽകിയിട്ടുണ്ട്'' -
കെ. ജീവൻ ബാബു പൊതുവിദ്യാഭ്യാസ ഡയറക്ടർ