കൊച്ചി: കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ മട്ടാഞ്ചേരി ടൗൺ ഹാളിൽ സി.എഫ്.എൽ.ടി.സി. പ്രവർത്തനം പുനരാരംഭിക്കാൻ കോർപ്പറേഷൻ തീരുമാനിച്ചു. മട്ടാഞ്ചേരി വിമൻ ആൻഡ് ചിൽഡ്രൻസ് ഹോസ്പിറ്റൽ കുട്ടികൾക്കുള്ള കൊവിഡ് ചികിത്സാകേന്ദ്രമായി മാറ്റും. പള്ളുരുത്തി ഗവ. ആശുപത്രി കൊവിഡ് ആശുപത്രിയായി മാറ്റും. നഗരത്തിലും സി.എഫ്.എൽ.ടി.സി ആരംഭിക്കാൻ തയ്യാറെടുപ്പുകൾ ആരംഭിച്ചതായി മേയർ എം.അനിൽകുമാർ അറിയിച്ചു. രോഗം സ്ഥിരീകരിച്ചാൽ ഡിവിഷൻ കൗൺസിലറെയോ, ആശാ പ്രവർത്തകരെയോ അക്കാര്യം അറിയിക്കണം. രോഗത്തിന്റെ കാഠിന്യമനുസരിച്ച് രോഗികളെ ആശുപത്രികളിലേക്ക് മാറ്റുന്നതിനുള്ള സംവിധാനമുണ്ടാക്കും. നിലവിൽ എറണാകുളം ജില്ലാ ആശുപത്രിയിലുള്ള കൊവിഡ് ഒ.പി. സംവിധാനം പ്രയോജനപ്പെടുത്തണമെന്ന് മേയർ അഭ്യർത്ഥിച്ചു.
 സഹകരണം വാഗ്ദാനം
ചെയ്ത് വിവിധ സംഘടനകൾ
കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുമായി കഴിയുംവിധത്തിൽ സഹകരിക്കുമെന്ന് വിവിധ സംഘടനകൾ കോർപ്പറേഷന് ഉറപ്പുനൽകി. കൊവിഡിന്റെ രണ്ടാം തരംഗത്തിൽ സ്വീകരിച്ചത് പോലെ ഫലപ്രദമായ രീതിയിൽ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നതിനായി അഭിപ്രായങ്ങളും സഹകരണവും തേടുന്നതിനാണ് മേയർ എം.അനിൽകുമാറിന്റെ അദ്ധ്യക്ഷതയിൽ ഓൺലൈനായി യോഗം ചേർന്നത്. കച്ചവടത്തെ ബാധിക്കാത്ത വിധത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ നടപ്പാക്കും. ജനക്കൂട്ടം ഒഴിവാക്കുന്നതിനായി ഓഫർ വില്പനകൾ നിയന്ത്രിക്കാൻ യോഗം തീരുമാനിച്ചു.
അത്യാവശ്യമുള്ള ചടങ്ങുകൾ മാത്രം നടത്തുമെന്ന് മതസാമുദായിക സംഘടനകൾ ഉറപ്പു നൽകി. സാമൂഹിക അകലം പാലിച്ചും രോഗലക്ഷണങ്ങളുള്ള ജീവനക്കാരെ മാറ്റി നിർത്തിയും കൃത്യമായ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചും പ്രവർത്തിക്കുമെന്ന് സ്ഥാപന ഉടമകൾ പറഞ്ഞു.
എസ്.എൻ.ഡി.പി. കണയന്നൂർ യൂണിയൻ പ്രസിഡന്റ് മഹാരാജാ ശിവാനന്ദൻ, കരയോഗം പ്രസിഡന്റ് രാമചന്ദ്രൻ എസ്.എൻ.ഡി.പി. ഫാദർ ജോസ് ജോസഫ്, അബ്ദുൾ ജലാൽ, ഡോ. മരിയ വർഗ്ഗീസ്, ദീപക് അശ്വനി, അബ്ദുൾ അസീസ്, മുഹമ്മദ് സഗീർ, കുരുവിള മാത്യൂസ് തുടങ്ങിവർ പങ്കെടുത്തു.