m
മാണിയാട്ട് ചിറയിൽ നിന്ന് കോരിക്കൂട്ടിയിട്ടിരുന്ന മണ്ണ് ജെ.സി.ബി ഉപയോഗിച്ച് ഇന്നലെ നിരത്തിയ നിലയിൽ .

കുറുപ്പംപടി: രായമംഗലം പഞ്ചായത്ത് പതിനെട്ടാം വാർഡിലെ മാണിയാട്ട് ചിറയുടെ നവീകരണവുമായി ബന്ധപ്പെട്ട് ഇരുനൂറോളം ലോഡ് മണ്ണും ചെളിയും ചിറയുടെ സമീപത്തുള്ള പറമ്പിൽ വാരി നിക്ഷേപിച്ചിരുന്നത് തത്പരകക്ഷികൾ പറമ്പിൽ നിരത്തി. ചിറയിൽനിന്ന് മണ്ണ് കോരി മാറ്റുന്നതിനുവേണ്ടി പത്തുലക്ഷം രൂപയോളം പഞ്ചായത്ത് ചെലവഴിച്ചിട്ടുള്ളതാണ്. വാരി എടുക്കുന്ന സമയങ്ങളിൽ സമീപപ്രദേശത്തുള്ള ആളുകൾ കൃഷി ആവശ്യത്തിനും മറ്റുമായി മണ്ണ് ചോദിച്ചിരുന്നെങ്കിലും ലേലം ചെയ്തുകൊടുക്കുവാൻ ഉള്ളതാണെന്നാണ് അധികൃതർ പറഞ്ഞത്. പഞ്ചായത്തിന്റെ നേതൃത്വത്തിൽ മണ്ണ് ലേലം ചെയ്യുന്നതിനുള്ള നടപടിയും ആരംഭിച്ചിരുന്നു. ഇന്നലെ കൂടിയ പഞ്ചായത്ത് കമ്മിറ്റി ലേലംചെയ്യാനുള്ള തീരുമാനവുമെടുത്തു.

എന്നാൽ ഈ സമയത്തുതന്നെ ചില തൽപ്പരകക്ഷികളുടെ നേതൃത്വത്തിൽ മണ്ണ് കൂട്ടിയിട്ടിരുന്ന പറമ്പിൽ ജെ.സി. ബി ഉപയോഗിച്ച് നിരപ്പാക്കി. ലേലം അട്ടിമറിക്കുന്നതിന് വേണ്ടിയാണ് ഇങ്ങനെ ചെയ്തതെന്ന് പ്രദേശവാസികൾ ആരോപിക്കുന്നു. എന്നാൽ മണ്ണ് പഞ്ചായത്തിന്റേതാണെന്നും അത് ലേലം ചെയ്യുമെന്നും പഞ്ചായത്ത് പ്രസിഡന്റ് എൻ.പി. അജയകുമാർ പറഞ്ഞു.

മാണിയാട്ട് ചിറയിൽ നിന്നുകോരിമാറ്റിയ മണ്ണ് ലേലം ചെയ്തുകിട്ടുന്ന പണം കൊണ്ട് ചിറയുടെ വശങ്ങൾ കെട്ടി സംരക്ഷിക്കാമെന്നും പഞ്ചായത്ത് മെമ്പറുടെ സാന്നിദ്ധ്യത്തിൽ പ്രസിഡന്റ് നാട്ടുകാർക്ക് നേരത്തെ ഉറപ്പുനൽകിയിരുന്നു. ഈ വിവരം കേരളകൗമുദി നേരത്തെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. .