
കൊച്ചി: നടൻ ദിലീപിനെതിരെ സംവിധായകൻ ബാലചന്ദ്രകുമാർ നടത്തിയ വെളിപ്പെടുത്തലിന്റെ ആധികാരികത ഉറപ്പിക്കാൻ രണ്ട് സംവിധായകർ, ഒരു അക്കൗണ്ടന്റ്, ദിലീപിന്റെ മൂന്ന് ജീവനക്കാർ എന്നിവരെ വിളിച്ചുവരുത്തി ക്രൈംബ്രാഞ്ച് മൊഴി രേഖപ്പെടുത്തി. സംവിധായകരായ റാഫി, അരുൺ ഗോപി, സിനിമാ മേഖലയിലെ അക്കൗണ്ടന്റ് സിജോ, ദിലീപിന്റെ നിർമ്മാണ കമ്പനിയായ ഗ്രാൻഡ് പ്രൊഡക്ഷന്റെ മാനേജർ, രണ്ട് ജിവനക്കാർ എന്നിവരുടെ മൊഴിയാണ് രേഖപ്പെടുത്തിയത്. ദിലീപ്, സഹോദരൻ അനൂപ്, സഹോദരീ ഭർത്താവ് സുരാജ് എന്നിവർക്കൊപ്പമിരുത്തിയും ഇവരെ ചോദ്യം ചെയ്തു.
 റാഫി
ബാലചന്ദ്രകുമാർ കൈമാറിയ ശബ്ദസാമ്പിളിൽ റാഫിയെ പരാമർശിച്ചിരുന്നു. ദിലീപിനെ നായകനാക്കി 'പിക്ക് പോക്കറ്റ്' എന്ന സിനിമയെടുക്കാൻ ബാലചന്ദ്രകുമാർ ആഗ്രഹിച്ചിരുന്നു. കഥ ഇഷ്ടപ്പെട്ട ദിലീപ് ഇതു തിരുത്താൻ അന്തരിച്ച തിരക്കഥാകൃത്ത് സച്ചിയെ ഏൽപ്പിച്ചു. സച്ചിക്ക് തിരക്കായിരുന്നതിനാൽ തിരക്കഥ തന്നെ ഏൽപ്പിച്ചെന്നാണ് റാഫിയുടെ മൊഴി. ദിലീപും ബാലചന്ദ്രകുമാറുമായി പ്രശ്നങ്ങൾ ഉണ്ടായിരുന്നതായി അറിയില്ല. സിനിമ നീട്ടിവച്ചതിൽ ബാലചന്ദ്രകുമാറിന് വിഷമമുണ്ടായിരുന്നു. ഒരുവർഷം മുമ്പ് ബാലചന്ദ്രകുമാർ വിളിച്ചാണ് സിനിമ വേണ്ടെന്നു വച്ചതായി അറിയിച്ചതെന്നും റാഫി പറഞ്ഞു. സിനിമ താൻ വേണ്ടെന്നു വച്ചെന്നാണ് ദിലീപിന്റെ മൊഴി.
 അരുൺ ഗോപി
ദിലീപ് ജയിലിൽ നിന്ന് ഇറങ്ങിയശേഷം അഭിനയിച്ച രാമലീല എന്ന സിനിമയുടെ സംവിധായകനാണ് അരുൺ ഗോപി. ചിത്രീകരണ സമയത്ത് ഗൂഢാലോചന നടന്നോ തുടങ്ങിയ കാര്യങ്ങളിൽ വ്യക്തതയ്ക്കായാണ് അരുൺ ഗോപിയെ വിളിച്ചുവരുത്തിയത്.
 ജീവനക്കാർ
ഗ്രാന്റ് പ്രൊഡക്ഷന്റെ എറണാകുളം ചിറ്റൂർ റോഡിലെ ഓഫീസ് റെയ്ഡ് ചെയ്ത് ഹാർഡ് ഡിസ്കും സാമ്പത്തിക രേഖകളും കസ്റ്റഡിയിൽ എടുത്തിരുന്നു. നടിയെ ആക്രമിച്ച് പകർത്തിയ ദൃശ്യം ഓഫീസിൽ എത്തിയിരുന്നോ, അടുത്തിടെ നടത്തിയ സാമ്പത്തിക ഇടപാടുകൾ എന്തെല്ലാം എന്നിവ അറിയുകയായിരുന്നു ലക്ഷ്യം. ശാസ്ത്രീയ തെളിവുകൾ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഇവരെ വിളിച്ചുവരുത്തിയത്.
 സിജോ
ദിലീപിന്റെ പുതിയ ചിത്രമായ 'കേശു ഈ വീടിന്റെ നാഥൻ' എന്ന സിനിമയുടെ അക്കൗണ്ടന്റാണ് സിജോ. സിനിമയുമായും ദിലീപുമായും ബന്ധപ്പെട്ട കാര്യങ്ങളാണ് ചോദിച്ചറിഞ്ഞത്.