വൈപ്പിൻ: മണ്ഡലത്തിൽ കഴിഞ്ഞ കാലവർഷക്കെടുതിയിൽ ഗതാഗതയോഗ്യമല്ലാതായ 11 റോഡുകളുടെ പുനരുദ്ധാരണത്തിന് ഒരുകോടി നാലുലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചതായി കെ. എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ അറിയിച്ചു. എല്ലാ പഞ്ചായത്തുകളിലെയും റോഡുകൾക്ക് തുക അനുവദിച്ചിട്ടുണ്ട്.

പള്ളിപ്പുറം ഗ്രാമപഞ്ചായത്തിലെ വാർഡ് 22ൽ വീരപ്പൻചിറ നടപ്പാതക്ക് 10 ലക്ഷം രൂപ, വാർഡ് 21ലെ കോൺവെന്റ് റോഡിന് 10ലക്ഷം, വാർഡ് 20ലെ കൊട്ടിക്കൽ ബീച്ച് ലിങ്ക് റോഡ്, സെൻട്രൽ ബീച്ച് റോഡ് എന്നിവയ്ക്കായി 8 ലക്ഷം, കുഴുപ്പിള്ളി പഞ്ചായത്തിലെ വാർഡ് ഏഴിലെ സെമിത്തേരി റോഡിന് 8 ലക്ഷം, നായരമ്പലം പഞ്ചായത്തിലെ വാർഡ് രണ്ടിലെ തയ്യഴത്ത് റോഡിന് 10 ലക്ഷം, എടവനക്കാട് പഞ്ചായത്തിലെ വാർഡ് 11 എ.ഇ ഓഫീസ് റോഡിന് 10 ലക്ഷം, ഞാറക്കൽ പഞ്ചായത്തിലെ വാർഡ് അഞ്ചിൽവൈദ്യർ റോഡിന് 10 ലക്ഷം, എളങ്കുന്നപ്പുഴ പഞ്ചായത്തിലെ വാർഡ് 16ൽ പരുത്തിക്കടവ് സ്റ്റോപ്പിന് പടിഞ്ഞാറ് റോഡിന് 10 ലക്ഷം, വാർഡ് 10ലെ കാട്ടാശേരി റോഡിന് 10ലക്ഷം, മുളവുകാട് പഞ്ചായത്ത് വാർഡ് രണ്ടിലെ കപ്ളാട്ട് റോഡിന് 8 ലക്ഷം, കടമക്കുടി പഞ്ചായത്ത് വാർഡ് മൂന്നിലെ മടത്തിപറമ്പിൽ കാനപ്പിള്ളി റോഡിന് 10 ലക്ഷം എന്നിങ്ങനെയാണ് തുക അനുവദിച്ചത്.
ഒന്നരവർഷത്തിനകം പുനരുദ്ധാരണ പ്രവൃത്തികൾ പൂർത്തീകരിക്കണം.

ഗ്രാമപഞ്ചായത്തുകൾ ഉൾപ്പെടുന്ന ബ്ലോക്ക് പഞ്ചായത്തുകളിലെ എൻജിനീയറിംഗ് വിഭാഗമോ തദ്ദേശ സ്ഥാപനങ്ങളുടെ എൻജിനീയറിംഗ് വിഭാഗത്തിന്റെ അഭാവത്തിൽ നിശ്ചിത പ്രദേശത്തിന്റെ അധികാരപരിധിയിൽ വരുന്ന പൊതുമരാമത്ത് സ്‌പെഷ്യൽ ബിൽഡിംഗ്‌സ്, പൊതുമരാമത്ത് റോഡ്‌സ് ആൻഡ് ബ്രിഡ്ജസ് വിഭാഗങ്ങളിലെ അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എൻജിനീയർമാരോ പ്രവൃത്തി നിർവ്വഹണം നടത്തണം.