anwarsadath-mla
ആലുവ അദ്വൈതാശ്രമം സെക്രട്ടറിയായി ചുമതലയേറ്റ സ്വാമി ധർമ്മചൈതന്യക്ക് അൻവർ സാദത്ത് എം.എൽ.എ ആശംസനേരുന്നു.. ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ഋതംഭരാനന്ദ, സ്വാമി ശിവസ്വരൂപാനന്ദ, എസ്.എൻ.ഡി.പി യോഗം പ്രസിഡന്റ് ഡോ. എം.എൻ. സോമൻ, പി.എസ്. ബാബുറാം, കെ.കെ. മോഹനൻ എന്നിവർ സമീപം.

ആലുവ: അദ്വൈതാശ്രമം സെക്രട്ടറിയായി ചുമതലയേറ്റ സ്വാമി ധർമ്മചൈതന്യ ശ്രീനാരായണ ഗുരുദേവ ദർശനങ്ങളിൽ ആകൃഷ്ടനായി 2002ലാണ് ശിവഗിരി മഠത്തിൽ ബ്രഹ്മവിദ്യാർത്ഥിയാകുന്നത്.

കടുങ്ങല്ലൂർ പഞ്ചായത്തിലെ എടയാർ സ്വദേശിയായ സ്വാമി ധർമ്മചൈതന്യയുടെ പൂർവ്വാശ്രമത്തിലെ പേര് പി.ജി. അജിത്ത്കുമാർ എന്നായിരുന്നു. പുൽപ്പറ വീട്ടിൽ പരേതനായ ഗോവിന്ദന്റെയും സരസമ്മയുടെയും എട്ട് മക്കളിൽ ഇളയആൾ. ഉറച്ച സി.പി.എം അനുഭാവി കുടുംബം. ഡി.വൈ.എഫ്.ഐ ആലുവ ബ്ളോക്ക് കമ്മിറ്റിഅംഗവും കടുങ്ങല്ലൂർ വില്ലേജ് പ്രസിഡന്റുമായിരുന്നു. ഒപ്പം സി.പി.എം എടയാർ ബ്രാഞ്ച് കമ്മിറ്റിഅംഗവും. മൂത്ത സഹോദരൻ പി.ജി. അനിരുദ്ധൻ ദീർഘനാൾ സി.പി.എം ലോക്കൽ കമ്മിറ്റിഅംഗവും സി.ഐ.ടി.യു നേതാവുമായിരുന്നു.

ആലുവയിലെ പഴയകാല ഡി.വൈ.എഫ്.ഐ നേതാവായിരിക്കുമ്പോഴും അജിത്ത്കുമാർ സ്വാമി നിത്യചൈതന്യയതിയുടെ പുസ്തകങ്ങൾ സ്ഥിരമായി വായിക്കും. ഇതിലൂടെയാണ് ശ്രീനാരായണ ദർശനങ്ങൾ ആഴത്തിൽ മനസിലാക്കിയത്. യതിയുടെ പുസ്തകങ്ങൾ തേടിയുള്ള അജിത്ത് എന്ന യുവാവിന്റെ യാത്ര പലപ്പോഴും അവസാനിക്കുന്നത് അദ്വൈതാശ്രമത്തിലെ പുസ്തകശാലയിലാണ്. പാർട്ടി പരിപാടികളുടെ ഇടവേളകളെല്ലാം ശ്രീനാരായണ ദർശനങ്ങളെക്കുറിച്ച് പഠിക്കാനാണ് ശ്രമിച്ചത്. സ്വാമി നിത്യചൈതന്യയതിയെ ചുരുക്കം തവണ മാത്രമാണ് കണ്ടിട്ടുള്ളതെങ്കിലും സ്വാമിയാണ് തന്നെ സന്ന്യാസത്തിലേക്ക് അടുപ്പിച്ചതെന്ന് സ്വാമി ധർമ്മചൈതന്യ 'കേരളകൗമുദി'യോട് പറഞ്ഞു.

ശിവഗിരിമഠം ബ്രഹ്മവിദ്യാർത്ഥിയായതോടെ 2002ൽ മുതൽ ആലുവ അദ്വൈതാശ്രമത്തിലെ അന്തേവാസിയായി. 2005ൽ സ്വാമി സമ്പൂർണാനന്ദയിൽ നിന്ന് സന്ന്യാസദീക്ഷ സ്വീകരിച്ചാണ് സ്വാമി ധർമ്മ ചൈതന്യയായത്. തുടർന്നും ഒരു വർഷത്തോളം അദ്വൈതാശ്രമത്തിലായിരുന്നു. 2006ൽ സ്വാമി തൃരത്നതീർത്ഥക്കൊപ്പം കുറിച്ചി അദ്വൈതാശ്രമത്തിലെത്തി. 2007 മുതൽ കുറിച്ചി അദ്വൈതാശ്രമം സെക്രട്ടറിയായി. ഇപ്പോഴും ഇതേ ചുമതലയും വഹിക്കുകയാണ്. ചെറുപുഞ്ചിരിയും എളിമയുമാണ് 54കാരനായ സ്വാമിയുടെ ആകർഷണം.

അശോകൻ, ശ്രീജിത്ത് കുമാർ, ആനന്ദ്കുമാർ, സുകുമാരി, പ്രസന്ന, ഉഷ എന്നിവരും സഹോദരങ്ങളാണ്.