vellapally

കൊച്ചി: എസ്.എൻ.ഡി.പി യോഗം തിരഞ്ഞെടുപ്പുകളിൽ വോട്ടു ചെയ്യാൻ എല്ലാ അംഗങ്ങൾക്കും അവകാശമുണ്ടെന്ന് ഹൈക്കോടതി. പൊതുയോഗത്തിലും തിരഞ്ഞെടുപ്പിലും പങ്കെടുക്കുന്ന അംഗങ്ങളുടെ എണ്ണം നിയന്ത്രിക്കാൻ അനുമതി നൽകി,​ കേന്ദ്ര സർക്കാർ 1974- ൽ നൽകിയ ഉത്തരവ് കോടതി റദ്ദാക്കി. വോട്ടിംഗിൽ പങ്കെടുക്കുന്ന അംഗങ്ങളുടെ എണ്ണം വീണ്ടും പരിമിതപ്പെടുത്തി 1999-ൽ യോഗം കൊണ്ടുവന്ന ഭേദഗതി അധി​കാരത്തി​നു പുറത്തുള്ളതാണെന്നും കോടതി വി​ലയി​രുത്തി​. കേന്ദ്ര സർക്കാർ ഉത്തരവും തുടർന്നുള്ള ഭേദഗതിയും ചോദ്യംചെയ്ത് കൊല്ലം സ്വദേശി വി. വിജയകുമാർ ഉൾപ്പെടെ നൽകിയ ഹർജികളിൽ ജസ്റ്റിസ് ടി.ആർ. രവിയുടെ ബെഞ്ചി​ന്റേതാണ് വിധി.

കേസിന്റെ ചരിത്രം

1956-ലെ കേന്ദ്ര കമ്പനി നിയമപ്രകാരമാണ് എസ്.എൻ.ഡി​.പി​ യോഗം പ്രവർത്തി​ച്ചുവന്നത്. 1961- ലെ കേരള നോൺ ട്രേഡിംഗ് കമ്പനീസ് ആക്ട് നിലവിൽ വന്ന ശേഷവും സംസ്ഥാനത്തി​നു പുറത്തും യൂണി​യനുകളും ശാഖകളും ഉണ്ടായി​രുന്നതി​നാൽ 2005 വരെ റി​ട്ടേണുകൾ സമർപ്പി​ച്ചത് കമ്പനി​ രജി​സ്ട്രാർക്കാണ്.

1966-ൽ കൊണ്ടുവന്ന, നൂറ് സ്ഥിരാംഗങ്ങൾക്ക് ഒരാൾ എന്ന കണക്കിൽ പ്രാതിനിദ്ധ്യ തി​രഞ്ഞെടുപ്പു വ്യവസ്ഥ കമ്പനി നിയമത്തിനു വിരുദ്ധമാണെന്നു വിലയിരുത്തി 1972- ൽ ഹൈക്കോടതി ഡി​വി​ഷൻ ബെഞ്ച് റദ്ദാക്കി. ഇത് അനുവദി​ക്കേണ്ടത് കേന്ദ്ര സർക്കാരാണെന്നും അവരെ സമീപി​ക്കാമെന്നും വി​ധി​ച്ചു. തുടർന്ന് അന്നത്തെ ജനറൽ സെക്രട്ടറി​

പി​.എസ്. വേലായുധൻ സമർപ്പി​ച്ച അപേക്ഷയി​ൽ 1974- ൽ കേന്ദ്രസർക്കാർ പ്രാതി​നി​ദ്ധ്യ തി​രഞ്ഞെടുപ്പ് അനുവദി​ച്ചു. ഒരു യൂണിയനിൽ നിന്ന് 200 അംഗങ്ങൾക്ക് ഒരു പ്രതിനിധി എന്ന തരത്തിൽ 1999- ൽ ഇതു വീണ്ടും ഭേദഗതി ചെയ്തു. ഈ രണ്ടു നടപടികളുമാണ് ഹർജിക്കാർ ചോദ്യം ചെയ്തത്.

ഇളവു നൽകാൻ അധികാരം

സംസ്ഥാന സർക്കാരിന്
1961- ലെ കേരള നോൺ ട്രേഡിംഗ് കമ്പനീസ് ആക്ട് പ്രകാരം എസ്.എൻ.ഡി.പി യോഗത്തിന് ചട്ടങ്ങളിൽ ഇളവ് അനുവദിക്കേണ്ടത് കേന്ദ്ര സർക്കാരല്ലെന്നും സംസ്ഥാന സർക്കാരാണെന്നുമാണ് ഹർജി​ക്കാർ വാദി​ച്ചത്. ഇത് സിംഗിൾ ബെഞ്ച് ശരിവയ്ക്കുകയായി​രുന്നു. കേന്ദ്ര സർക്കാരിന്റെ 1974-ലെ ഉത്തരവ് നിയമപരമല്ലെന്ന് വിധിക്കുമ്പോഴുണ്ടാകുന്ന സങ്കീർണ പ്രശ്നങ്ങൾ കണക്കിലെടുത്ത ഹൈക്കോടതി, ഈ ഉത്തരവിന്റെ അടിസ്ഥാനത്തിൽ എസ്.എൻ.ഡി.പി യോഗം ഇതുവരെ നടത്തിയ പൊതുയോഗങ്ങളും തിരഞ്ഞെടുപ്പുകളും അസാധുവാകില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്.

ഇനി​ എന്ത് ?

പൊതുതാത്പര്യാർത്ഥം സംസ്ഥാന സർക്കാരി​ന് 1961-ലെ കേരള നോൺ ട്രേഡിംഗ് കമ്പനീസ് ആക്ടി​ലെ വ്യവസ്ഥകൾ ഭേദഗതി​ ചെയ്ത് നി​ലവി​ലെ വ്യവസ്ഥകൾ പ്രകാരം യോഗം തി​രഞ്ഞെടുപ്പ് നടത്താൻ ഉത്തരവു നൽകാനാകും. ഇതി​നായി​ 2021ഏപ്രി​ലി​ൽ എസ്.എൻ.ഡി​.പി​ യോഗം നൽകി​യ അപേക്ഷ സംസ്ഥാന സർക്കാരി​ന്റെ പരി​ഗണനയി​ലുണ്ട്.