
കൊച്ചി: കാൻസർ രോഗിയുടെ വീട്ടിലേക്ക് പുതിയ ലൈൻ സ്ഥാപിച്ച് കുടിവെള്ളം നൽകാമെന്ന വാഗ്ദാനം ലംഘിച്ച ജല അതോറിട്ടിയെ വിമർശിച്ച് മനുഷ്യാവകാശ കമ്മിഷൻ. പരാതിക്കാരനായ രോഗി താമസിക്കുന്ന കടവന്ത്ര കെ. പി. വള്ളോൻ റോഡിലെ ശക്തിലൈനിൽ കുടിവെള്ളം ലഭ്യമാക്കുമെന്ന് അതോറിട്ടി അസിസ്റ്റന്റ് എക്സി.എൻജിനീയർ കമ്മിഷന് ഉറപ്പു നൽകിയെങ്കിലും നടപടി സ്വീകരിക്കാത്തതിനാണ് വിമർശനം. റോഡ് മുറിക്കാനും പൂർവസ്ഥിതിയിലാക്കാനും ആവശ്യമായ ഫണ്ട് കൊച്ചി കോർപ്പറേഷനിൽ നിന്നും കണ്ടെത്താമെന്ന് ഉദ്യോഗസ്ഥർ അന്ന് കമ്മിഷനെ അറിയിച്ചുവെങ്കിലും നടപടിയുണ്ടായില്ല. പരാതിക്കാരന്റെ വീട്ടിൽ എത്രയും വേഗം ജലലഭ്യത ഉറപ്പാക്കണമെന്ന് പള്ളിമുക്ക് സബ് ഡിവിഷൻ അസി.എക്സി.എൻജിനീയർക്ക് കമ്മിഷൻ നിർദ്ദേശം നൽകി.