nagarasabha
മൂവാറ്റുപുഴ നഗരസഭ മാലിന്യ ശേഖരണത്തിനായി സ്ഥാപിച്ച പ്ലാസ്റ്റിക് ബോട്ടിൽ ബൂത്ത്

മൂവാറ്റുപുഴ: മാലിന്യ നിർമ്മാർജ്ജനത്തിന്റെ ഭാഗമായി മൂവാറ്റുപുഴ നഗരസഭ വിവിധ സ്ഥലങ്ങളിൽ സ്ഥാപിച്ച പ്ളറ്റിക് ബോട്ടിൽ ബൂത്തുകൾ നോക്കുകുത്തിയായി മാറി. പ്ളാസ്റ്റിക് ബോട്ടിൽ ബൂത്തുകൾ പലയിടത്തും ഉപയോഗിക്കുന്നില്ലേയില്ല. ഉപയോഗം കഴിഞ്ഞ പ്ലാസ്റ്റിക്ക് കുപ്പകകൾ വലിച്ചെറിയാതെ ഇവ ശേഖരിക്കാൻ സ്ഥാപിച്ചതാണ് ഇരുമ്പഴികളോടുകൂടിയ ബോട്ടിൽ ബൂത്തുകൾ. എന്നാൽ ഇവ ഒരിക്കലും നിറയാത്തവയായി മാറി. ബൂത്തുകളുടെ പരിസരത്ത് മാലിന്യം തള്ളുന്നത് പരിഹരിക്കാൻ നഗരസഭ തയ്യാറാകാത്തതിനാൽ പ്രതിഷേധമുയർന്നിട്ടുണ്ട്. നഗരസഭയുടെനാല് ലക്ഷം രൂപയുടെ പദ്ധതിയാണിത്.

20,720 രൂപ വീതം മുടക്കി 19 സ്ഥലത്താണ് ബോട്ടിൽബൂത്ത് സ്ഥാപിച്ചത്. ജനങ്ങൾ കൂടുതലുള്ള പ്രദേശങ്ങളിൽ ഇവ സ്ഥാപിക്കേണ്ടതിന് പകരം മറ്റിടങ്ങളിൽ സ്ഥാപിച്ചതിനാലാണ് ഈ ദുർഗതി വന്നതെന്ന് പറയുന്നു. പ്ലാസ്റ്റിക് മാലിന്യങ്ങളും ജൈവമാലിന്യങ്ങളും നഗരത്തിൽ കുന്നുകൂടുകയാണ്. ചിലയിടങ്ങളിൽ പ്രമുഖരുടെ മാലിന്യശേഖരണ കേന്ദ്രമായി ബൂത്തുകൾ മാറി. നഗരം മോടിപിടിപ്പിക്കാൻ പുല്ലും ചെടികളും നട്ടുപിടിപ്പിക്കുമ്പോൾ പൊതുനിരത്തിലും തോടുകളിലും പുഴയിലും മാലിന്യം തള്ളുന്നത് വർദ്ധിച്ചു. എല്ലാ വാർഡുകളിലും ജനോപകാരപ്രദമാകുന്ന സ്ഥലങ്ങളിൽ ബോട്ടിൽ ബൂത്തുകൾ സ്ഥാപിക്കണമെന്നാണ് നഗരവാസികളുടെ ആവശ്യം.