
കൊച്ചി: പ്രതികളിൽ നിന്ന് സുപ്രധാന വിവരങ്ങൾ നേടിയെടുക്കുക എന്ന ലക്ഷ്യമാകും ക്രൈംബ്രാഞ്ചിന്റെ ഇന്നത്തെ 11 മണിക്കൂർ ചോദ്യം ചെയ്യൽ. കഴിഞ്ഞദിവസങ്ങളിൽ ചോദ്യം ചെയ്തതിൽ നിന്ന് ലഭിച്ച വിവരങ്ങൾ, ശബ്ദരേഖാ പരിശോധനയിൽ ലഭിച്ച തുമ്പുകൾ, ശേഖരിച്ച തെളിവുകൾ എന്നിവയെ അടിസ്ഥാനമാക്കിയാകും ചോദ്യങ്ങൾ. ബാലചന്ദ്രകുമാർ കൈമാറിയ ശബ്ദരേഖകളുടെ ശാസ്ത്രീയ പരിശോധനാഫലം ലഭിച്ചിട്ടുണ്ട്. സ്ഥിരീകരിച്ച ശബ്ദങ്ങൾ പ്രതികളെ കേൾപ്പിച്ച് വിശദീകരണം തേടും. രണ്ടുദിവസത്തെ ചോദ്യം ചെയ്യലിനുശേഷം പ്രതികൾ അഭിഭാഷകരുമായും മറ്റും ആശയവിനിമയം നടത്തിയിട്ടുണ്ടെന്ന് അന്വേഷണ സംഘം കരുതുന്നു. അതിനെ മറികടക്കാൻ കഴിയുന്ന തന്ത്രങ്ങളാകും ഇന്ന് അന്വേഷണ സംഘം പ്രയോഗിക്കുക.
 പണമിടപാട് രേഖകൾ കിട്ടി
സുരാജിന്റെ സാമ്പത്തിക ഇടപാടുകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ രേഖകളടക്കമുള്ള വിവരങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചു. സുരാജിന്റെ മൊഴികളെ തള്ളുന്നതാണ് ഈ വിവരങ്ങൾ. സിനിമാതാരങ്ങൾക്ക് സുരാജ് പണം നൽകിയതിന് അന്വേഷണ സംഘത്തിന്റെ കൈവശം തെളിവുണ്ടെന്നാണ് സൂചന. ഇത് സാക്ഷികളെ സ്വാധീനിക്കാൻ ഉപയോഗിച്ചതാണോ എന്ന് അന്വേഷിക്കുന്നുണ്ട്.