
പെരുമ്പാവൂർ: എറണാകുളം പെരുമ്പാവൂർ സ്വദേശിയായ എബിൻ നിരന്തരമായി ഇന്ത്യൻയാത്രകൾ ആരംഭിച്ചിട്ട് വർഷങ്ങൾ പന്ത്രണ്ട് കഴിഞ്ഞു. മലപ്പുറം രാമപുരം ജെംസ് ആർട്സ് ആൻഡ് സയൻസ് കോളേജിലെ അസിസ്റ്റന്റ് പ്രൊഫസ്സറായ എബിന്റെ ഇഷ്ട വിനോദം യാത്ര തന്നെയാണ്. ആഴത്തിലുള്ള അറിവുകളും വ്യത്യസ്തമായ അനുഭവങ്ങളും യാത്രകൾ നൽകികൊണ്ടിരിക്കുകയാണെന്നാണ് എബിൻ പറയുന്നത്.
മുന്നൂറിൽപ്പരം സ്ഥലങ്ങളിലും 32യുനെസ്കോ പൈതൃക കേന്ദ്രങ്ങളും ഇതിനോടകം സന്ദർശിച്ചു. ഓരോ സ്ഥലത്തെയും കാലാവസ്ഥ, ഭൂപ്രകൃതി, സംസ്കാരം, പൈതൃകം, ഭക്ഷണം, ഭാഷ, വസ്ത്രധാരണം എന്നിവയെല്ലാം യാത്രയിലൂടെ കണ്ട് മനസ്സിലാക്കി. ട്രെയിൻ മാർഗമാണ് ഭൂരിഭാഗം യാത്രകളും. തീർത്തും ചെലവ് കുറഞ്ഞ രീതിയാണ് ഓരോ യാത്രയിലും സ്വീകരിക്കുന്നത്. പോയ സ്ഥലങ്ങളിൽ കൂടുതൽ ഇഷ്ടപ്പെട്ടത് ആൻഡമാൻ നിക്കോബർ ദ്വീപുകൾ, ഓറംഗാബാദ്, ഗ്വാളിയോർ, ഖജുരാഹോ, ധർമ്മശാല, പിച്ചവാരം, ധനുഷ്കോടി, സിന്ധുദുർഗ് എന്നിവയാണ്.
കേവലം വിനോദത്തിന് വേണ്ടി മാത്രമല്ല എബിൻ യാത്ര നടത്തുന്നത്. ട്രാവൽ ആൻഡ് ടൂറിസവുമായി ബന്ധപ്പെട്ട് 350ൽപ്പരം ലേഖനങ്ങളും എബിൻ എഴുതിയിട്ടുണ്ട്. കൊവിഡ് മഹാമാരിയെ തുടർന്ന് ഇപ്പോൾ എബിന്റെ യാത്രകൾ പൂർണമായും കേരളത്തിനകത്താണ്. യാത്രകളിലൂടെ ലഭിക്കുന്ന വേറിട്ട അറിവുകളും അനുഭവങ്ങളും വിദ്യാർത്ഥികളും സുഹൃത്തുക്കളുമായി നിരന്തരം പങ്കുവയ്ക്കുന്ന എബിൻ യാത്ര ഇഷ്ടപ്പെടുന്നവർക്ക് നൽകുന്ന പ്രചോദനം വളരെ വലുതാണ്. യാത്രാപ്പട്ടികയിൽ ഇനി വടക്ക് കിഴക്കൻ സംസ്ഥാനങ്ങളും ലക്ഷദ്വീപുമാണ്.