പറവൂർ: വടക്കേക്കര, ചിറ്റാറ്റുകര പഞ്ചായത്തുകൾ നേരിടുന്ന കുടിവെള്ളക്ഷാമത്തിന് ശാശ്വതപരിഹാരമായി രണ്ട് പഞ്ചായത്തുകളുടേയും കുടിവെള്ള വിതരണം നെടുമ്പാശേരി സബ് ഡിവിഷന് കീഴിൽനിന്ന് പറവൂർ സബ്ഡിവിഷന് കീഴിലാക്കണമെന്ന് ജില്ലാ പഞ്ചായത്ത്അംഗം എ.എസ്. അനിൽകുമാറും ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എസ്. സനീഷും ആവശ്യപ്പെട്ടു. ദിവസങ്ങളായി ഇവിടെ കുടിവെള്ളവിതരണം തടസപ്പെട്ട സ്ഥിതിയാണ്. വെള്ളം പമ്പുചെയ്യുന്നത് പറവൂരിൽ നിന്നാണെങ്കിലും ഇവയുടെ കൃത്യമായ വിതരണവും ലൈനിലെ തകരാറുകളുമെല്ലാം പരിഹരിക്കേണ്ടത് വടക്കേക്കര സെക്ഷൻ ഓഫീസിൽ നിന്നാണ്. ഇവിടെനിന്നുള്ള അപാകതയാണ് കുടിവെള്ള വിതരണം തടസ്സപ്പെടാൻ പ്രധാനകാരണം.
അണ്ടിപ്പിളളിക്കാവിന് സമീപം രണ്ടിടത്ത് പൈപ്പ് പൊട്ടിയിട്ട് ദിവസങ്ങളായെങ്കിലും ഇതുവരേയും പരിഹരിക്കപ്പെട്ടിട്ടില്ല. കൃത്യസമയത്ത് അറ്റകുറ്റപ്പണി നടത്താനാകാത്തത് ജലവിതരണത്തെ കാര്യമായി ബാധിക്കുന്നുണ്ട്. നെടുമ്പാശേരിയിൽനിന്ന് മാറ്റി പറവൂർ സബ് ഡിവിഷന് കീഴിലാക്കിയാൽ അറ്റകുറ്റപ്പണികൾ വേഗത്തിലാക്കാനും കുടിവെള്ളവിതരണം കാര്യമായ തടസങ്ങളില്ലാതെ മുന്നോട്ടുപോകുന്നതിനും സാധിക്കും. നേരത്തെ ഈ രണ്ടു പഞ്ചായത്തുകൾക്ക് പുറമേ പുത്തൻവേലിക്കര, ചേന്ദമംഗലം പഞ്ചായത്തുകളും പറവൂർ സബ് ഡിവിഷന് കീഴിലായിരുന്നു. പിന്നീടാണ് വിഭജിച്ച് പുത്തൻവേലിക്കര, വടക്കേക്കര, ചിറ്റാറ്റുകര പഞ്ചായത്തുകൾ പറവൂരിൽനിന്ന് മാറ്റി നെടുമ്പാശേരി ഡിവിഷന് കീഴിലാക്കിയത്. ചേന്ദമംഗലത്തെ പറവൂരിൽ നിലനിർത്തുകയും ചെയ്തു. ഇതോടെയാണ് വടക്കേക്കര, ചിറ്റാറ്റുകര പഞ്ചായത്തുകളിലെ ജനങ്ങളെ ദുരിതത്തിലാഴ്ത്തുന്ന കുടിവെള്ള ക്ഷാമത്തിന് തുടക്കമായത്.
വടക്കേക്കര സെക്ഷൻ അസിസ്റ്റന്റ് എൻജിനിയർ അവധിയിലാണ്. പകരം ആലുവ അസിസ്റ്റന്റ് എൻജിനിയർക്കാണ് ചുമതല. പ്രശ്നപരിഹാരത്തിന് ശ്രമം നടത്തുന്നില്ല. അർബൻ ഡെവലപ്പ്മെന്റ് സ്കീമിൽ വടക്കേക്കര, ചിറ്റാറ്റുകര, ചേന്ദമംഗലം പഞ്ചായത്തുകൾക്കായി പുതിയ ഫീഡർലൈൻ സ്ഥാപിച്ച് മാല്യങ്കരയിൽ 2.5 ലക്ഷം ലിറ്റർ സംഭരണശേഷിയുള്ള ഓവർഹെഡ് ടാങ്ക് സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് മേയർ എം. അനിൽകുമാർ ചെയർമാനായ ജോയിന്റ് പ്ലാനിംഗ് കമ്മിറ്റിക്ക് ജില്ലാ പഞ്ചായത്ത് അംഗം എ.എസ്. അനിൽകുമാർ കത്ത് നൽകിയിട്ടുണ്ട്. ഇത് അംഗീകരിക്കപ്പെട്ടാൽ മേഖലയിലെ കുടിവെള്ളക്ഷാമത്തിന് ഒരുപരിധിവരെ പരിഹാരമാകും. കാലപ്പഴക്കം ചെന്ന പൈപ്പുകൾ മാറ്റി പുതിയത് സ്ഥാപിക്കുമെന്ന് പലവട്ടം പ്രഖ്യാപനം ഉണ്ടായെങ്കിലും ഇതുവരേയും നടന്നിട്ടില്ല.