ആലുവ: 12 വർഷത്തിനിടെ അയ്യായിരത്തോളം പേരെ സൗജന്യമായി നീന്തൽ പരിശീലിപ്പിച്ച സജി വാളാശേരി വലിയ സങ്കടത്തിലാണ്. ഇക്കുറി നീന്തൽ പരിശീലനത്തിന് മണപ്പുറം കടവിൽ ദേവസ്വം ബോർഡ് വിലക്ക് ഏർപ്പെടുത്തിയതാണ് കാരണം.
വിവിധ വകുപ്പുകളുടെ രേഖാമൂലമുള്ള അനുമതിയില്ലാതെ മണപ്പുറം കടവിൽ നീന്തൽ പരിശീലനം അനുവദിക്കാനാകില്ലെന്നാണ് ദേവസ്വം ബോർഡിന്റെ നിലപാട്. അതിനാൽ ഇക്കുറി മണപ്പുറം ദേശം കടവിലായിരുന്നു പരിശീലനം. നീന്തൽ പരിശീലിപ്പിച്ചതിൽ 1500പേർ അദ്വൈതാശ്രമം കടവിൽനിന്ന് മണപ്പുറത്തേക്ക് നീന്തിയിരുന്നു. ശാരീരിക വൈകല്യമുള്ള കൃഷ്ണ എസ്. കമ്മത്ത്, നവനീത്, മനോജ്, ഐബിൻ, ആദിത്, നിവേദിത, രാധാകൃഷ്ണൻ, റോജി ജോസഫ് എന്നിവരെല്ലാം പെരിയാറിനെ കീഴടക്കിയവരാണ്. വേമ്പനാട്ടുകായലിന്റെ ഏറ്റവും വീതികൂടിയ കുമരകം മുതൽ മുഹമ്മവരെ ഒൻപത് കിലോമീറ്റർ നീന്തി ചരിത്രത്തിൽ ഇടംനേടിയ ആദ്യവനിത മാളു ഷെയ്ക്, കൃഷ്ണവേണി, ആദിത്യ, അദ്വൈത് എന്നിവരും സജി വാളാശേരിയുടെ ശിഷ്യന്മാരാണ്.
നീന്തൽ പരിശീലനത്തിനെത്തുന്നവർ ട്യൂബുകൾ, ലൈഫ് ജാക്കറ്റ്, വള്ളം, ബോട്ട്, ആംബുലൻസ് തുടങ്ങിയ സുരക്ഷാ ക്രമീകരണങ്ങളും കരുതുന്നുണ്ട്. എന്നിട്ടും ദേവസ്വം ബോർഡ് അനുമതി നിഷേധിച്ചതിന്റെ വിഷമത്തിലാണ്.
അനുമതിയില്ലെന്ന് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ
നഗരസഭയുടേത് ഉൾപ്പെടെ വിവിധ വകുപ്പുകളുടെ അനുമതിയില്ലാതെയാണ് നീന്തൽ പരിശീലനമെന്ന് ബോദ്ധ്യമായ സാഹചര്യത്തിലാണ് മണപ്പുറം ക്ഷേത്രക്കടവിൽ വിലക്ക് ഏർപ്പെടുത്തിയതെന്ന് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ കെ.ഒ. ബിജു പറഞ്ഞു.