പറവൂർ: കൊവിഡ് വ്യാപനം രൂക്ഷമായ വടക്കേക്കര പഞ്ചായത്തിലെ മൂത്തകുന്നം സാമൂഹ്യാരോഗ്യകേന്ദ്രത്തിൽ നിന്ന് കൊവിഡ് രോഗികൾക്ക് മരുന്ന് ലഭിക്കാൻ കാലതാമസം വരുന്നതായി പരാതി. രോഗം സ്ഥിരീകരിച്ചാൽ മൂന്നുംനാലും ദിവസങ്ങൾ കഴിഞ്ഞ് മാത്രമാണ് മരുന്നു ലഭിക്കുന്നത്. പലർക്കും കഠിനമായ പനിയും ചുമയും തൊണ്ട വേദനയുമൊക്കെ ഒന്നോ രണ്ടോ ദിവസമേ അനുഭവപ്പെടുന്നുള്ളു. ഇത്തരം ദിവസങ്ങളിലാണ് രോഗബാധിതർക്ക് മരുന്ന് ആവശ്യമായി വരുന്നത്. പ‌ലരും ആവശ്യമായ മരുന്നുകൾ പുറമെനിന്ന് വാങ്ങുകയാണിപ്പോൾ. മൂത്തകുന്നം ഗവണ്മെന്റ് ആശുപത്രിയിൽ കൊവിഡ് പരിശോധനാഫലം ലഭിക്കുവാൻ ദിവസങ്ങളുടെ താമസം നേരിടുന്നത് മറ്റൊരു പ്രതിസന്ധിയായി. ദിവസേന നൂറിലധികംപേരാണ് രോഗലക്ഷണവുമായി ആശുപത്രിയിലെത്തുന്നത്. പരിശോധനാഫലം വൈകുന്നതിനാൽ വീട്ടിൽ ഇരിക്കാതെ കറങ്ങി നടക്കുന്നത് രോഗവ്യാപനം വർദ്ധിപ്പിക്കുന്നു. പഞ്ചായത്ത് അടിസ്ഥാനത്തിൽ രൂപീകരിച്ച ഇ.ആർ.ടി സേനയുടെ പ്രവർത്തനവും കാര്യമായി നടക്കുന്നില്ല. കൊവിഡ് വ്യാപനം തടയാൻ വേണ്ടത്ര മുൻകരുതൽ പഞ്ചായത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ലെന്നും പരാതിയുണ്ട്.