 
മൂവാറ്റുപുഴ : നാടുകാണാനിറങ്ങി വികൃതികാട്ടിയ കുരങ്ങൻ കാക്കകളുടെ മുന്നിൽ അടിപതറിയത് നാട്ടുകാർക്ക് കൗതുകക്കാഴ്ചയായി. ഇന്നലെ വൈകുന്നേരം മൂന്നോടെയാണ് മൂവാറ്റുപുഴ നെഹ്രു പാർക്കിലെ റോഡരികിലെ തണൽ മരത്തിലെത്തിയ കുരങ്ങൻ കൗതുക കാഴ്ച്ചയായത്. തണൽമരത്തിൽ തമ്പടിച്ച കുരങ്ങൻ മരത്തിലെ കാക്കക്കൂടുകൾ പൊളിച്ച് കളയുകയും കൂട്ടിലുണ്ടായിരുന്ന മുട്ടകൾ റോഡിലേക്ക് എറിയുകയും ചെയ്തതോടെ കൂട്ടമായി എത്തിയ കാക്കകൾ കുരങ്ങനെ ആക്രമിക്കാൻ തുടങ്ങി. മരക്കമ്പുകളും ചുള്ളിക്കമ്പുകളുമായി കുരങ്ങൻ കാക്കകളെ നേരിടുന്നതുകണ്ട് ജനങ്ങളും തടിച്ചുകൂടി. ഏറെനേരം പോരാടിയെങ്കിലും ഒടുവിൽ കുരങ്ങൻ തോൽവി സമ്മതിച്ച് മുനിസിപ്പൽ പാർക്കിലേക്ക് ഓടിരക്ഷപ്പെടുകയായിരുന്നു.
ഞായറാഴ്ചയാണ് കുരങ്ങൻ മൂവാറ്റുപുഴ ടൗണിലെത്തിയത്. ലോക്ക് ഡൗൺ നിയന്ത്രണത്തെത്തുടർന്ന് നഗരം ശൂന്യമായിരുന്നതിനാൽ മണിക്കൂറുകളോളം കച്ചേരിത്താഴം പാലത്തിലെ നടപ്പാതയിൽ വിശ്രമിച്ചു . ഇന്നലെ നഗരത്തിൽ തിരക്കായതോടെ കുരങ്ങൻ മരംചാടി നടക്കുകയായിരുന്നു. ഇതിനിടയിലാണ് കാക്കക്കൂടുകൾ കാണുന്നത്. കുരങ്ങനെ കണ്ടതോടെ കാൽനടയാത്രക്കാരും ഇരുചക്രവാഹനയാത്രക്കാരും ഫോണിൽ ഫോട്ടോയെടുത്താണ് മടങ്ങിയത്. സമീപത്തെ വ്യാപാരിയും ഏതാനും ചിലരും കുരങ്ങന് ഭക്ഷണവും വെള്ളവുമായെത്തി. നേരം ഇരുട്ടിയപ്പോൾ സമീപത്തെ ചിൽഡ്രൻസ് പാർക്കിലേക്ക് പോയി.