പെരുമ്പാവൂർ: കാടുകയറിക്കിടന്ന സൗത്ത് വല്ലം മെക്ക കടവ് വല്ലം ബ്രദേഴ്സ് ആർട്ട്സ് ആൻഡ് സ്പോർട്ട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ശുചീകരിച്ചു. പെരുമ്പാവൂർ മുനിസിപ്പാലിറ്റിയിലെ മണൽവാരൽ ഉണ്ടായിരുന്ന പ്രധാന കടവുകളിൽ ഒന്നായിരുന്നു ഇത്. മണൽവാരൽ നിരോധനത്തെത്തുടർന്ന് കടവ് വർഷങ്ങളായി ഉപയോഗിക്കാതെ കാടുകയറിയ അവസ്ഥയിലായി. തുടർന്ന് ക്ലബ്ബിന്റെ നേതൃത്വത്തിൽ യുവാക്കളും വിദ്യാർത്ഥികളും അടങ്ങുന്ന സംഘം കടവ് ശുചീകരിക്കുകയിരുന്നു. സൗത്ത് വല്ലത്തെയും സമീപ പ്രദേശങ്ങളിലെയും നിരവധിപേരുടെ ഉപജീവന മാർഗമായിരുന്നു ഈ മണൽക്കടവ്. കടവിൽ മണൽവാരൽ വീണ്ടും ആരംഭിക്കുന്നതിനുള്ള നടപടികൾ അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്ന് ക്ലബ് ആവശ്യപ്പെട്ടു. സൗത്ത് വല്ലം ജുമാമസ്ജിദ് ഇമാം വി.എസ് ശാഹുൽ ഹമീദ് അൻവരി ഉദ്ഘാടനം നിർവഹിച്ചു. ക്ലബ് പ്രസിഡന്റ് എം.കെ തസ്ലിം അദ്ധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർ സാലിദ സിയാദ്, എസ്.എ അലിയാർ, വി.കെ അബുബക്കർ, വി.എസ് മുജീബ്, എം.കെ സലിം, വി.പി റസാഖ്, ബാസിൽ തങ്ങൾ എന്നിവർ സംസാരിച്ചു.