
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണോദ്യോഗസ്ഥരെ കൊലപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ നടൻ ദിലീപ് ഉൾപ്പെടെ അഞ്ച് പ്രതികളുടെ രണ്ടു ദിവസത്തെ (22 മണിക്കൂർ) ചോദ്യം ചെയ്യൽ പൂർത്തിയായപ്പോൾ സാമ്പത്തിക ഇടപാടുകളടക്കം കേസിൽ വഴിത്തിരിവാകുന്ന സുപ്രധാന വിവരങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചതായി സൂചന. മൊഴികളിലെ വൈരുദ്ധ്യം തുടരുന്നതിനാൽ ഇന്നത്തെ 11 മണിക്കൂർ (രാവിലെ 9 മുതൽ രാത്രി 8വരെ) ചോദ്യം ചെയ്യൽ നിർണായകം. ചോദ്യം ചെയ്യൽ ഇന്ന് അവസാനിക്കും. ഡിജിറ്റൽ തെളിവുകൾ പ്രതികളെ കേൾപ്പിക്കുകയും കാണിക്കുകയും ചെയ്തു. ഇന്നലെ വിളിച്ചു വരുത്തിയ രണ്ട് സംവിധായകർ ഉൾപ്പെടെയുള്ളവരുടെ മൊഴിയും നിർണായകമാകും. തെളിവുകൾ സീൽവച്ച കവറിൽ 27ന് കോടതിയിൽ സമർപ്പിക്കും. വെളിപ്പെടുത്തലുകൾ നടത്തിയ സംവിധായകൻ ബാലചന്ദ്രകുമാറിനെ ഇന്ന് പ്രതികൾക്കൊപ്പമിരുത്തി ചോദ്യം ചെയ്യും.
ദിലീപിനെയും സഹോദരൻ അനൂപിനെയും സഹോദരീ ഭർത്താവ് സുരാജിനെയും ഉച്ചവരെ ഒന്നിച്ചിരുത്തിയാണ് എസ്.പി മോഹനചന്ദ്രൻ നായരുടെ നേതൃത്വത്തിൽ ചോദ്യം ചെയ്തത്. ഉത്തരങ്ങളിൽ പെരുത്തക്കേടുണ്ടായിരുന്നു. വ്യക്തത വരുത്താൻ ഉച്ചയ്ക്കുശേഷം പ്രത്യേകം ചോദ്യം ചെയ്തു. ദിലീപിനെയാണ് കൂടുതൽ സമയം ചോദ്യം ചെയ്തത്. സുഹൃത്ത് ബൈജു ചെങ്ങമനാടും മാനേജർ അപ്പുവും മൊഴി പഠിച്ചുപറയുന്നതു പോലെയാണ് തോന്നിയതെന്ന് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ പറഞ്ഞു. പ്രതികളിലൊരാൾ വധഗൂഢാലോചന സ്ഥിരീകരിച്ചതായി പറയുന്നുണ്ടെങ്കിലും വ്യക്തത ലഭിച്ചിട്ടില്ല.
പുതിയ സാക്ഷി ദിലീപിന്റെ വീട്ടിലെ മുൻ ജോലിക്കാരനായ ആലപ്പുഴ പട്ടണക്കാട് സ്വദേശി ദാസന്റെ മൊഴി രേഖപ്പെടുത്തി. ഗൂഢാലോചനയുമായി ബന്ധപ്പെട്ട ഫോൺ സംഭാഷണത്തെക്കുറിച്ചായിരുന്നു മൊഴി. ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകൾക്ക് ബലം നൽകുന്നതാണ് ഈ വിവരമെന്നാണ് സൂചന.