 
കോലഞ്ചേരി: ഒന്നര കോടിയലധികം രൂപയുടെ മയക്കുമരുന്നുമായി ചേലക്കുളത്ത് പിടിയിലായത് അന്തർസംസ്ഥാന മയക്കുമരുന്ന് ഇടപാട് സംഘത്തിലെ മുഖ്യകണ്ണികളെന്ന് കണ്ടെത്തിയതോടെ ഇവർ ഇൾപ്പട്ടെ ലഹരിമാഫിയയ്ക്കായി അന്വേഷണം ഊർജിതമാക്കി എക്സൈസ്. പ്രതികളിൽ നിന്ന് ചില വിവരങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. കണ്ണൂർ തളിപ്പറമ്പ് താഴത്തറ വീട്ടിൽ റിസ്വാൻ (22), കുമ്പളങ്ങി സ്വദേശി ഏഴുതൈക്കൽ വീട്ടിൽ ഷോൺ (23), പത്തനംതിട്ട കോന്നി പള്ളിപ്പാട്ട് വീട്ടിൽ ഡെനിൻ (24), കരുനാഗപ്പള്ളി ജിജോ കോശി (24) എന്നിവരാണ് എക്സൈസ് റെയ്ഡിൽ പിടിയിലായത്. ജിജോയാണ് മുഖ്യസൂത്രധാരൻ. എക്‌സൈസ് സംഘത്തെക്കണ്ട് ഓടിരക്ഷപെട്ട ജിജോയെ എറണാകുളത്ത് സുഹൃത്തിന്റെ ഫ്ളാറ്റിൽ നിന്ന് മറ്റൊരു കേസിൽ എറണാകുളം റേഞ്ച് എക്സൈസ് സംഘം പിടികൂടുകയായിരുന്നു. ജിജോയ്ക്കൊപ്പം മറ്റൊരാൾ കൂടി പിടിയിലായിട്ടുണ്ട്. ഇയാളുടെ പേര് വിവരങ്ങൾ അന്വേഷണ സംഘം പുറത്തുവിട്ടിട്ടില്ല. ഇവർ താമസിച്ച ഫ്ളാറ്റിൽ നിന്ന് കഞ്ചാവും ഹഷീഷ് ഓയിലും കണ്ടെത്തിയിട്ടുണ്ട്. ചേലക്കുളം ലഹരിക്കേസിൽ ജിജോയെ പ്രതിചേർക്കും.
സ്വകാര്യ എൻജിനിയറിംഗ് കോളേജിൽ പഠനം പൂർത്തിയാക്കിയ ജിജോ മയക്കുമരുന്ന് ഇടപാടുമായി ചേലക്കുളത്തെ വാടക വീട്ടിൽ തന്നെ കഴിയുകയായിരുന്നു. കോളേജിൽ പഠിക്കുന്നതിനിടെ ജിജോയുമായി സൗഹൃദത്തിലായവരാണ് പിടിയിലായ മറ്റ് പ്രതികൾ. നിരവധി കേസുകളിൽ പ്രതിയാണ് ജിജോ. ദക്ഷിണമേഖല എക്‌സൈസ് കമ്മിഷണർ സ്‌ക്വാഡാണ് ലഹരി ഇടപാട് സംഘത്തെ കുടുക്കിയത്.
ഒന്നരക്കോടി രൂപ വില വരുന്ന 1.6 കിലോ ഹാഷിഷ് ഓയിലും രണ്ടര ലക്ഷംരൂപ വിലവരുന്ന 15 കിലോ കഞ്ചാവും രണ്ട് ഗ്രാം എം.ഡി.എംഎയുമാണ് പ്രതികൾ വാടകക്ക് താമസിച്ചിരുന്ന വീട്ടിൽ നിന്ന് കണ്ടെടുത്തത്. കോലഞ്ചേരി കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയതു.