പറവൂർ: സ്വന്തം നിയോജകമണ്ഡലമായ പറവൂരിൽ തനിക്ക് പൈലറ്റും എസ്കോർട്ടും ആവശ്യമില്ലെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ പറഞ്ഞു. രാഷ്ട്രീയപരമായ ചില സാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഡി.ജി.പി ഇവ ഏർപ്പെടുത്തിയത്. നിയോജകമണ്ഡലത്തിൽ ആയിരിക്കുമ്പോൾ ഒഴിവാക്കണമെന്ന് എസ്.പിയോട് ആവശ്യപ്പെട്ടപ്പോൾ തിരുവനന്തപുരത്ത് നിന്നുള്ള നിർദേശപ്രകാരമാണ് ചെയ്യുന്നതെന്നും 30 വരെ തുടരണമെന്നാണ് നിർദേശം ലഭിച്ചിരിക്കുന്നതെന്നും അറിയിച്ചു. താൻ പ്രതിപക്ഷനേതാവായപ്പോഴേ നിയോജകമണ്ഡലത്തിൽ എസ്കോർട്ടും പൈലറ്റും ആവശ്യമില്ലെന്ന് പറഞ്ഞിരുന്നതാണ്. മറ്റിടങ്ങളിൽ പോകുമ്പോഴും തനിക്ക് എസ്കോർട്ട് വേണ്ട. പൈലറ്റ് മാത്രം മതി. ഇക്കാര്യങ്ങൾ വീണ്ടും സംസ്ഥാന പൊലീസ് മോധാവിയോടും സർക്കാരിനോടും ആവശ്യപ്പെട്ടതായി പ്രതിപക്ഷനേതാവ് പറഞ്ഞു.