ആലുവ: പ്രതിയെ കണ്ടുപിടിച്ച എറണാകുളം റൂറൽ സൈബർ പൊലീസിന് സോഷ്യൽ മീഡിയയിലൂടെ ലൈവായി നന്ദിയറിയിച്ച് സിനിമാ നടൻ ടിനി ടോം. ഒരു യുവാവിന്റെ നിരന്തരമായ ഫോൺവിളി ശല്യമായപ്പോഴാണ് ടിനി ടോം സൈബർ പൊലീസ് സ്റ്റേഷനിൽ പരാതിയുമെത്തിയത്.
വിളികൾ അസഹ്യമായപ്പോൾ നമ്പർ ബ്ലോക്ക് ചെയ്തു. തുടർന്ന് മറ്റ് നമ്പറുകളിൽ നിന്ന് മാറിമാറി വിളിച്ചു. അനാവശ്യങ്ങൾ പറഞ്ഞ് പ്രകോപിപ്പിക്കാൻ തുടങ്ങി. ഫോൺഓൺ ചെയ്യാൻ പറ്റാത്ത അവസ്ഥ. ടിനിടോമിനെ ദേഷ്യപ്പെടുത്തി മറുപടി പറയിക്കുകയായിരുന്നു യുവാവിന്റെ ലക്ഷ്യം. പരാതി ലഭിച്ചതിനെത്തുടർന്ന് ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിൽ സൈബർ സ്റ്റേഷനിൽ പ്രത്യേകടീം രൂപീകരിച്ച് അന്വേഷണം നടത്തുകയായിരുന്നു. അന്വേഷണത്തിനൊടുവിൽ കണ്ണൂർ സ്വദേശിയാണ് യുവാവെന്ന് കണ്ടെത്തി.
പൊലീസ് അന്വേഷിക്കുന്നുവെന്നറിഞ്ഞ് ഇയാൾ മൊബൈൽ സ്വിച്ച് ഒഫ് ചെയ്തു. പിന്നീട് ശ്രമകരമായി യുവാവിനെ സ്റ്റേഷനിലെത്തിക്കുകയായിരുന്നു. പരാതിക്കാരനും സ്റ്റേഷനിലെത്തി. യുവാവിന്റെ മാനസികാവസ്ഥ മനസിലാക്കിയ ടിനി ടോം പരാതി. പിൻവലിച്ചു. മേലിൽ ആരോടും ഇങ്ങനെ ചെയ്യരുതെന്ന് സ്‌നേഹത്തോടെ ഉപദേശിച്ചു. എസ്.എച്ച്.ഒ എം.ബി. ലത്തീഫ്, എസ്.ഐമാരായ സി. കൃഷ്ണകുമാർ, എം.ജെ. ഷാജി, എസ്.സി.പി.ഒ മാരായ വികാസ് മണി, നിമ്‌ന മരയ്ക്കാർ തുടങ്ങിവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്.