
കൊച്ചി: വേനൽ കടുത്തപ്പോൾ വാഹനങ്ങളിലെ അഗ്നിബാധ വർദ്ധിക്കുന്നു. ജില്ലയിൽ രണ്ടു മാസത്തിനിടെ പത്തിലേറെ വാഹനങ്ങൾക്ക് യാത്രയ്ക്കിടെ തീപിടിച്ചു. ഇന്ധന ചോർച്ച, ഗ്യാസ് ചോർച്ച, മോഡിഫിക്കേഷൻ, ഫ്യൂസുകൾ, ബാറ്ററി മാറ്റം, ബാറ്ററി ചാർജറുകൾ, കൂളിംഗ് സിസ്റ്റം തകരാർ, അപകടങ്ങൾ എന്നിവയൊക്കെയാണ് പ്രധാന കാരണങ്ങൾ.
കാലപഴക്കവും അറ്റകുറ്റപ്പണിക്കുറവും മൂലം വാഹനങ്ങളുടെ ഇന്ധന കുഴലുകളിൽ ചോർച്ച സംഭവിക്കാം. ചില വണ്ടുകളും എലികളും ഇന്ധന ട്യൂബുകൾ തുളയ്ക്കുന്നതും പ്രശ്നമാണ്. എഥനോൾ അടങ്ങിയ ഇന്ധനങ്ങൾ ഉപയോഗിക്കുന്ന വാഹനങ്ങളിലാണ് വണ്ടുശല്യം കൂടുതൽ.
ഗ്യാസ് ലീക്കേജ് പരിഹരിക്കാൻ ഗ്യാസ് കിറ്റ് വർഷത്തിലൊരിക്കൽ സർവീസ് ചെയ്യണം. ടാങ്ക് അഞ്ചുവർഷത്തിലൊരിക്കൽ പ്രഷർ ടെസ്റ്റ് നടത്തണം. 15 വർഷം കഴിഞ്ഞാൽ മാറ്റണം. അനുവദനീയമായതിൽ കൂടുതൽ വാട്ടേജ് ഉള്ള ബൾബുകളും ഹോണുകളും സ്പീക്കറുകളും അഗ്നിക്ക് കാരണമാകും. പഴയതും തകരാറുള്ളതുമായ ബാറ്ററികൾ അപകടകാരണമാകും. കൂളിംഗ് സിസ്റ്റത്തിന് തകരാറുകൾ സംഭവിക്കുന്നതും, ലൂബ്രിക്കേഷൻ സിസ്റ്റത്തിന്റെ തകരാറുകളും തീ ക്ഷണിച്ചു വരുത്തും. ഇന്ധന ടാങ്കിലും ബാറ്ററിയിലും ഏൽക്കുന്ന ക്ഷതങ്ങൾ തീപിടിത്തത്തിലെത്തിക്കും. ടയർ പൊട്ടി റോഡിൽ ഉരഞ്ഞും അപകടം ഉണ്ടാകാം. വലിയ വാഹനങ്ങളിൽ പ്രൊപ്പല്ലർ ഷാഫ്റ്റ് പൊട്ടി ഇന്ധന ടാങ്കിൽ ഇടിച്ച് തീ പിടിക്കും.
ശ്രദ്ധിക്കാൻ...
• കൃത്യമായി അറ്റകുറ്റപ്പണി ചെയ്യുക
• ഓയിൽ ലീക്കേജ് പരിശോധിക്കുക
• ബോണറ്റ് തുറന്ന് പരിശോധിക്കുക
• എഞ്ചിൻ കംപാർട്ട്‌മെന്റ് വൃത്തിയാക്കുക
• ഗ്യാസ് ലൈനുകൾ പരിശോധിക്കുക.
• നിർമ്മാതാക്കൾ ശുപാർശ ചെയ്ത പാർട്‌സുകൾ ഉപയോഗിക്കുക
• പാനൽ ബോർഡ് വാണിംഗ് ലാംപുകളും, മീറ്ററുകളും പരിശോധിക്കുക
• കൂളന്റും എഞ്ചിൻ ഓയിലും യഥാസമയം മാറ്റുക.
• വലിയ വാഹനങ്ങളുടെ പ്രൊപ്പല്ലർ ഷാഫ്റ്റിന് ബ്രാക്കറ്റുകൾ ഘടിപ്പിക്കണം
• ഇന്ധനം വാഹനത്തിൽ സൂക്ഷിക്കരുത്.
തീപിടിച്ചാൽ?
• എൻഞ്ചിൻ ഓഫ് ആക്കുക
• തീ പടർന്നാൽ സൈഡ് ഗ്ലാസ് പൊട്ടിക്കുക
• മറ്റ് വാഹനങ്ങളെ അകറ്റുക.
സർവീസുകൾ കൃത്യമായി ചെയ്യുക. കമ്പനികൾ നിഷ്കർഷിക്കുന്ന മോഡിഫിക്കേഷനുകൾ മാത്രമേ ആകാവൂ.
കെ.ജി.ദിലീപ് കുമാർ
മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ
വാഹനം കൃത്യമായി പരിശോധിക്കാനും ചെറിയ തകരാർ പോലും പരിഹരിക്കാനും തയാറാകണം.
ജി. അനന്തകൃഷ്ണൻ
എൻഫോഴ്‌സ്‌മെന്റ് ആർ.ടി.ഒ