ന്യൂഡൽഹി: തൃപ്പൂണിത്തുറ പൂർണത്രയീശ ക്ഷേത്രത്തിലെ പുരാവസ്തു മൂല്യമുള്ള സ്വർണം ഉരുക്കാൻ അനുവദിക്കില്ലെന്ന് സുപ്രീം കോടതി. ക്ഷേത്രങ്ങളിലെ പുരാവസ്തു മൂല്യമുള്ള സ്വർണ്ണം ഉരുക്കരുതെന്ന നിയമം ഗുജറാത്തിലുണ്ടെന്ന് ചൂണ്ടിക്കാട്ടിയ ജസ്റ്റിസ് എം.ആർ. ഷാ, ആഭരണങ്ങൾ സംരക്ഷിക്കുമെന്ന് വ്യക്തമാക്കി.
ക്ഷേത്രത്തിലെ ആഭരണങ്ങൾ സംരക്ഷിക്കാൻ സ്വീകരിച്ച നടപടികൾ അറിയിക്കാനും ആഭരണങ്ങളുടെയും പുരാവസ്തുക്കളുടെയും കണക്കെടുത്ത് നേരത്തെ തയ്യാറാക്കിയ റിപ്പോർട്ട് ഉടൻ ഹാജരാക്കാനും കൊച്ചിൻ ദേവസ്വം ബോർഡിനോട് കോടതി നിർദ്ദേശിച്ചു.
ക്ഷേത്രത്തിലെ ആഭരണങ്ങളുടെയും പുരാവസ്തുക്കളുടെയും കണക്കെടുപ്പ് നടത്താൻ ഹൈക്കോടതി രജിസ്ട്രാർക്ക് കോടതി നേരത്തെ ഉത്തരവു നൽകിയിരുന്നു. ഈ കണക്ക് മുദ്രവച്ച കവറിൽ കോടതിക്ക് സമർപ്പിച്ചിരുന്നു.
കണക്കെടുപ്പ് സമയത്ത് പുരാവസ്തുക്കളും ആഭരണങ്ങളും അലക്ഷ്യമായാണ് സൂക്ഷിച്ചിരുന്നതെന്ന് കൊച്ചി രാജകുടുംബത്തിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കൃഷ്ണൻ വേണുഗോപാൽ കോടതിയിൽ വ്യക്തമാക്കി. മുമ്പ് നടത്തിയ കണക്കെടുപ്പിന്റെ റിപ്പോർട്ടുകൾ ഹാജരാക്കുന്നില്ലെന്നും രാജകുടുംബം ചൂണ്ടിക്കാട്ടി.
ഈ റിപ്പോർട്ടില്ലാതെ എത്ര നഷ്ടപ്പെട്ടു എന്ന് മനസ്സിലാക്കാൻ കഴിയില്ലെന്ന് ജസ്റ്റിസ് എം.ആർ.ഷാ, ജസ്റ്റിസ് സഞ്ജീവ് ഖന്ന എന്നിവരടങ്ങിയ ബെഞ്ച് ചൂണ്ടിക്കാട്ടി.
ആഭരണങ്ങളും പുരാവസ്തുക്കളും സുരക്ഷിതമാണെന്ന് ദേവസ്വം ബോർഡ് കോടതിയെ അറിയിച്ചു. നെറ്റിപ്പട്ടം ഉരുക്കിയത് ഹൈക്കോടതിയുടെ അനുമതിയോടെയാണ്. ഇത് യു.ഡി.എഫ് സർക്കാരിന്റെ കാലത്താണെന്നും ക്ഷേത്രങ്ങളിലെ സ്വർണം സംരക്ഷിക്കണമെന്ന നിലപാടാണ് എൽ.ഡി.എഫ് സർക്കാരിനെന്നും ബോർഡിന് വേണ്ടി ഹാജരായ അഭിഭാഷകൻ പി.വി. ദിനേശ് വ്യക്തമാക്കി.