drug

കൊച്ചി: പൊലീസും എക്സൈസും കർശന പരിശോധനയുമായി കളത്തിലുണ്ടെങ്കിലും ലഹരിക്കടത്ത് നിർബാധം തുടരുകയാണ്. അടിക്കടി കടത്തു രീതി മാറ്റിയാണ് സംഘം വിലസുന്നത്. കഴിഞ്ഞ ദിവസം ചേലക്കുളത്ത് എൻജിനീയറിംഗ് വിദ്യാർത്ഥികൾ താമസിച്ചിരുന്ന വാടക വീട്ടിൽ നിന്ന് ഒന്നരക്കോടിയുടെ മയക്കുമരുന്ന് പിടികൂടിയ കേസും വിരൽചൂണ്ടുന്നത് ലഹരിമരുന്ന് എത്തിച്ചു നൽകിയ മലപ്പുറം സംഘത്തിന്റെ രീതിയാണ്. ഓൺലൈൻ ഭക്ഷണ വിതരണം പോലെ വിളിച്ചാൽ വിളിപ്പുറത്ത് കിലോകണക്കിന് മയക്കുമരുന്ന് കാറിൽ എത്തിക്കുകയാണ് ഇവർ ചെയ്യുന്നത്. ചേലക്കുളത്ത് രണ്ട് തവണ ലഹരി 'കാർ' വന്നിട്ടുണ്ടെന്നാണ് പ്രതികളുടെ മൊഴി. കൂടുതൽ തവണ ലഹരിമരുന്നുമായി എത്തിയിട്ടുണ്ടെന്ന് എക്സൈസ് സംശയിക്കുന്നു. ഒരുവർഷം മുമ്പ് പിറവത്ത് ലഹരിമരുന്ന് കേസിൽ പിടിയിലായ മലപ്പുറം സ്വദേശിയാണ് ആസൂത്രകൻ. ഇയാളുടെ വീട്ടിലടക്കം എക്സൈസ് പരിശോധന നടത്തിയിരുന്നു. ഇയാൾ ഒളിവിലാണ്.

ആന്ധ്ര, ഒറീസ എന്നിവിടങ്ങളിൽ നിന്നാണ് ഹാഷിഷ് ഓയിലുൾപ്പെടെ ലഹരിമരുന്ന് മലപ്പുറത്ത് എത്തിച്ച് വിവിധ ഇടങ്ങളിലേക്ക് കൈമാറുന്നത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് തിരുവനന്തപുരം ദക്ഷിണ മേഖല എക്‌സൈസ് കമ്മിഷണറും സംഘവും ചേലക്കുളത്തെ വിദ്യാർത്ഥികൾ താമസിക്കുന്ന വാടക വീട്ടിൽ നിന്ന് ഒന്നരക്കോടി രൂപയുടെ മയക്കുമരുന്ന് പിടികൂടിയത്. കണ്ണൂർ തളിപ്പറമ്പ് താഴത്തറ വീട്ടിൽ റിസ്വാൻ (22), കുമ്പളങ്ങി സ്വദേശി ഏഴുതൈക്കൽ വീട്ടിൽ ഷോൺ (23), പത്തനംതിട്ട കോന്നി പള്ളിപ്പാട്ട് വീട്ടിൽ ഡെനിൻ (24), കരുനാഗപ്പള്ളി ജിജോ കോശി (24), കാക്കനാട് സ്വദേശി ആനന്ദ് (24) എന്നിവർ പിടിയിലായി. ചേലക്കുളത്തെ ഇടപാടുകൾ നിയന്ത്രിക്കുന്നത് ജിജോയാണ്. എക്‌സൈസ് സംഘത്തെക്കണ്ട് ഓടിരക്ഷപെട്ട ജിജോയെ എറണാകുളത്ത് സുഹൃത്തിന്റെ ഫ്ളാറ്റിൽ നിന്ന് മറ്റൊരു കേസിൽ അറസ്റ്റ് ചെയ്യുകയായിരുന്നു. ചേലക്കുളം ലഹരിക്കേസിൽ ജിജോയെ പ്രതിചേർത്തിട്ടുണ്ട്. പ്രതികളെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യും.

ചാടിരക്ഷപ്പെട്ട പ്രതി

ദേശീയചാമ്പ്യൻ

ജിജോയ്ക്കായി പിടികൂടുന്നതിനിടെ ഫ്ലാറ്റിൽ നിന്ന് ചാടി രക്ഷപ്പെട്ടത് ദേശീയ ബോക്സിംഗ് ചാമ്പ്യൻ ദലീപാണെന്ന് അന്വേഷണ സംഘത്തിന് വിവരം ലഭിച്ചു. കാപ്പ കേസ് പ്രതിയായ ഇയാൾ ഏറെനാളായി ജിജോയ്ക്കൊപ്പം പിടിയിലായ കാക്കനാട് സ്വദേശി ആനന്ദിന്റെ ഫ്ലാറ്റിലാണ് കഴിഞ്ഞിരുന്നത്. ലഹരിഇടപാടുമായി ബന്ധപ്പെട്ട് നിരവധിപ്പേർ ഈ ഫ്ലാറ്റിൽ വന്നുപോയിട്ടുണ്ട്.

വിളിച്ചുപറഞ്ഞു മുങ്ങി

ലഹരി ഇടപാടിന്റെ സൂത്രധാരൻ മലപ്പുറം സ്വദേശിയാണെന്ന് തിരിച്ചറിഞ്ഞതോടെ എക്സൈസ് സംഘം ഇയാളുടെ വീട്ടിലെത്തിയെങ്കിലും മൂന്ന് ദിവസം കഴിഞ്ഞ് വരികയുള്ളുവെന്ന് മകൻ ഫോണിൽ അറിയിച്ചതായാണ് മാതാപിതാക്കളുടെ മൊഴി. ജിജോയടക്കം അറസ്റ്റിലായതറിഞ്ഞ് കേരളം വിട്ടതായിരിക്കുമെന്നാണ് സംശയിക്കുന്നത്. ഫോൺ വിളികൾക്ക് പിന്നാലെയാണ് അന്വേഷണം.ചേലക്കുളത്തെ വിദ്യാർത്ഥികളിൽ നിന്ന് യുവതികളും ലഹരി വാങ്ങി ഉപയോഗിച്ചിരുന്നതായുള്ള വിവരവും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്.