കൊച്ചി: കടവന്ത്ര ഗാന്ധിനഗർ പി.ആൻഡ്.ടി കോളനിനിവാസികൾക്ക് സന്തോഷവാർത്ത. മൂന്നു വർഷമായി ഫയലിൽ ഉറങ്ങിയിരുന്ന ഭവനപദ്ധതിക്ക് അനക്കംവച്ചു. കോളനിവാസികൾക്കായി മുണ്ടംവേലിയിൽ നിർമിക്കുന്ന വീടുകളുടെ ഫാബ്രിക്കേഷൻ ജോലികൾ കഴിഞ്ഞ ദിവസം ആരംഭിച്ചു. മന്ത്രി പി.രാജീവിന്റെ ശക്തമായ ഇടപെടലിനെ തുടർന്നാണ് പദ്ധതി പുനരാരംഭിച്ചത്.
തൃശൂർ ജില്ലാ ലേബർ കോൺട്രാക്ട് കോ–ഓപ്പറേറ്റീവ് സൊസൈറ്റിക്കാണ് (ടി.ഡി.എൽ.സി.സി. എസ്) ഫാബ്രിക്കേഷൻ ജോലികളുടെ കരാർ ചുമതല. ഈ മാസം 20നകം പണി ആരംഭിച്ചില്ലെങ്കിൽ കരാറുകാരുടെ അക്രഡിറ്റേഷൻ ഉൾപ്പെടെ പിൻവലിക്കുമെന്ന് മന്ത്രി പി രാജീവ് പദ്ധതി പുരോഗതി അവലോകനയോഗത്തിൽ അറിയിച്ചിരുന്നു. പൈലിംഗ് ജോലികഴിഞ്ഞിട്ടും നിർമ്മാണം ഇഴയുന്ന സാഹചര്യത്തിലാണ് മന്ത്രി ഏജൻസികളുടെ യോഗം വിളിച്ചത്. പൈലിംഗ് ഡിസംബറിൽ പൂർത്തിയായിരുന്നു.
റാഫ്റ്റ് ഫൗണ്ടേഷൻ പൂർത്തിയാക്കി അടുത്തഘട്ടത്തിലേക്ക് കടക്കേണ്ട സമയംകഴിഞ്ഞു. പ്രീ എൻജിനിയറിംഗ് സാങ്കേതികവിദ്യയിലാണ് നിർമ്മാണം. ഉരുക്കിൽ നിർമിക്കുന്ന ഭാഗങ്ങൾ സ്ഥലത്തെത്തിച്ച് യോജിപ്പിക്കുന്നതോടെ ഭവനസമുച്ചയം പൂർത്തിയാകും. എന്നാൽ, ഉരുക്കുഭാഗങ്ങളുടെ ഫാബ്രിക്കേഷൻ തുടങ്ങിയിട്ടില്ലെന്ന് ജി.സി.ഡി.എ അറിയിച്ചതിനെത്തുടർന്നാണ് മന്ത്രി യോഗം വിളിച്ചത്. ഫാബ്രിക്കേഷൻ ജോലി ഉടനടി തുടങ്ങിയില്ലെങ്കിൽ കരാറുകാരെ നീക്കാനും നിയമാനുസൃതനടപടി സ്വീകരിക്കാനും മന്ത്രി നിർദ്ദേശിച്ചു. ഇതോടെ കാര്യങ്ങൾക്ക് വേഗത കൂടി. റാഫ്‌റ്റിന്റെ കമ്പികളാണ് ഇപ്പോൾ നടന്നുവരുന്നത്.
 നാലു മാസത്തിനകം
പൂർത്തിയാകും
മെയ് 30 നകം ഭവനസമുച്ചയനിർമാണം പൂർത്തിയാക്കുമെന്നാണ് കരാറുകാരന്റെ ഉറപ്പ്. പി ആൻഡ് ടി കോളനിയിലെ 88 കുടുംബങ്ങളെയാണ് പുനരധിവസിപ്പിക്കുന്നത്. 37,000 ചതുരശ്രയടിയാണ് വിസ്തീർണം. ജി.സി.ഡി.എയുടെ 72 സെന്റ് സ്ഥലത്ത് ലൈഫ് പദ്ധതിപ്രകാരമാണ് നിർമ്മാണം. 14.61 കോടി രൂപയാണ് ചെലവ്.
 തറക്കല്ലിട്ടത് 2018 ൽ
കോളനി നിവാസികളുടെ പുനരധിവാസ ഭവന സമുച്ചയത്തിന് 2018 ൽ മുഖ്യമന്ത്രി പിണറായി വിജയൻ തറക്കല്ലിട്ടു.
നിർമ്മാണം ജി.സി.ഡി.എയുടെ ഏഴു കോടിയോളം രൂപ വിലമതിക്കുന്ന സ്ഥലത്ത്
രണ്ട് ബ്ലോക്കുകളിലായി 88 വീടുകൾ
400 ചതുരശ്രഅടി വരുന്ന ഓരോ വീട്ടിലും ഒരു സ്വീകരണമുറി, രണ്ടു കിടപ്പുമുറികൾ, അടുക്കള, ടോയ്‌ലറ്റ്
ലൈഫ് മിഷൻ പദ്ധതിയിൽ നിന്നുള്ള തുക കൂടാതെ പദ്ധതി നിർവഹണത്തിനായി കോർപറേറ്റ് സ്ഥാപനങ്ങളുടെ സി.എസ്.ആർ ഫണ്ട് അടക്കമുളള ഇതര സാമ്പത്തിക സ്രോതസ്സുകളെയും ആശ്രയിക്കും.
 ദുരിതജീവിതത്തിന് അവസാനമാകും
നഗരത്തിലെ ഏറ്റവും ദുരിതജിവിതമാണ് പി.ആൻഡ്.ടി കോളനിയിലേത്. പേരണ്ടൂർ കനാലിന്റെ തോട് പുറമ്പോക്കിലാണ് ഈ കോളനി. കെ.എസ്.ആർ.ടി.സി ഡിപ്പോയിലെ കരി ഓയിൽ, കക്കൂസ് മാലിന്യം അടക്കം നഗരത്തിലെ മാലിന്യങ്ങൾ നിറഞ്ഞ മലിനജലമാണ് ഇവരുടെ വീടുകളിലേക്ക് കയറുന്നത്. 2007 മുതൽ കുടിയിറക്ക് ഭീഷണിയിൽ ജീവിക്കുന്ന ഇവർ ഇപ്പോൾ കോടതി ഉത്തരവിന്റെ ബലത്തിലാണ് ഇവിടെ താമസിക്കുന്നത്.