കിഴക്കമ്പലം: പോഷകസമൃദ്ധമായ പഴങ്ങൾ നിറച്ച പഴക്കൂടയുമായി ജെ.സി.ഐ കരിമുകൾ ജൂനിയർ ജെ.ജെ. വിംഗ് ചെയർപേഴ്‌സൺ അഞ്ജന റഫീക്കും കൂട്ടുകാരും പുറ്റുമാനൂർ സ്‌കൂളിലെ ഓരോ കുട്ടിയുടേയും വീടുകളിലെത്തും. പ്രീപ്രൈമറി മുതൽ ഏഴാംക്ലാസുവരെയുള്ള മുഴുവൻ കുട്ടികൾക്കും മാസത്തിലെ ആദ്യവെള്ളിയാഴ്ചയും അവസാനത്തെ വെള്ളിയാഴ്ചയുമാണ് പഴക്കൂട നൽകുക. ഒരു വർഷം നീണ്ടുനിൽക്കുന്നതാണ് പദ്ധതി. കുട്ടികൾക്ക് ആവശ്യമായ പോഷകാഹാരം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ പുറ്റുമാനൂർ സ്‌കൂളിലെ അദ്ധ്യാപക രക്ഷാകർത്തൃസമിതിയും മാതൃസംഘവും ചേർന്ന് എല്ലാ ബുധനാഴ്ചകളിലും അമ്മക്കറിയും എല്ലാ വ്യാഴാഴ്ചകളിലും സസ്യേതര ഭക്ഷണവും നൽകിവരുന്നുണ്ട്.
വിദ്യാലയം വീണ്ടും അടച്ചതോടെ കുട്ടികൾക്ക് പോഷകസമൃദ്ധമായ ഭക്ഷണം ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ജെ.സി.ഐ കരിമുകളിന്റെ നേതൃത്വത്തിൽ വേറിട്ട ഫ്രൂട്ട്‌കെയ്‌സ് പദ്ധതി ആരംഭിച്ചത്. പഞ്ചായത്ത് പ്രസിഡന്റ് സോണിയ മുരുകേശൻ ഉദ്ഘാടനം ചെയ്തു. ചെയർപേഴ്‌സൺ അഞ്ജന റഫീക്ക് അദ്ധ്യക്ഷയായി. പഞ്ചായത്ത് അംഗങ്ങളായ സി.ജി. നിഷാദ്, ഷാജി ജോർജ്, ജെ.സി.ഐ പ്രസിഡന്റ് പി.വി. മൂസ തുടങ്ങിയവർ സംസാരിച്ചു.