കൊച്ചി: കേബിളിൽ തട്ടി മറിഞ്ഞ് വീഴുമെന്ന ഭയമില്ലാതെ നഗരത്തിലെ സ്മാർട്ട് റോഡുകളിലെ വീതിയുള്ള നടപ്പാതകളിലൂടെ ഇനി ഉല്ലാസത്തോടെ നടക്കാം. റോഡിലും ഇലക്‌ട്രിക് പോസ്റ്റുകളിലും ചിലവന്തിവല പോലെ കുരുങ്ങി കിടക്കുന്ന കേബിളുകൾ പഴങ്കഥയായി മാറുകയാണ്. കെ.എസ്.ഇ.ബി, ടെലികോം കേബിളുകളെല്ലാം യൂട്ടിലിറ്റി ഡക്ടിലേക്ക് മാറി. കൊച്ചിൻ സ്മാർട്ട് സിറ്റി മിഷന്റെ (സി.എസ്.എം.എൽ )നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കിയിരിക്കുന്നത്. നടപ്പാതകളുടെ സമീപത്തുള്ള ഓടകളോട് ചേർന്നാണ് യൂട്ടിലിറ്റിഡക്ട് സ്ഥാപിച്ചിരിക്കുന്നത്.

 യൂട്ടിലിറ്റി ഡക്ട് എന്നാൽ

സ്മാർട്ട് റോഡുകളിൽ നിന്ന് ഓവർഹഡ് കേബിളുകൾ പൂർണ്ണമായും നീക്കം ചെയ്തു. ഭൂമിക്കടിയിലാണ് പുതിയ സ്ഥാനം. ഒരു മീറ്റർ നീളത്തിൽ ഓരോ കമ്പാർട്ടുമെന്റുകളായി വേർതിരിച്ചാണ് ഇത് സ്ഥാപിക്കുന്നത്. കോൺക്രീറ്റ് കാസ്റ്റിംഗ് യാർഡിൽ നിർമ്മിച്ച ഡക്ട് ഓരോ ഇടത്തും കൊണ്ടുവന്ന് വയ്ക്കുകയാണ് ചെയ്തത്. സ്റ്റീൽ മൂശയിൽ കോൺക്രീറ്റ് വച്ചാണ് ഓരോ മൊഡ്യുളും നിർമ്മിച്ചിരിക്കുന്നത്. സെറ്റ് ചെയ്യുന്ന സമയത്ത് മൂശ മാറ്റും. അത്യാധുനിക രീതിയിലുള്ള ഈ നിർമ്മാണത്തിലൂടെ മികച്ച ഗുണമേൻമ ഉറപ്പാക്കിയതായി സി.എസ്.എം.എൽ വക്താക്കൾ പറഞ്ഞു. ഡക്‌ടിൽ നിന്ന് ഓഫീസ് , ഫ്ളാറ്റ്, വീടുകൾ എന്നിവിടങ്ങളിലേക്ക് കേബിൾ ലൈനുകൾ കണക്ട് ചെയ്തു.

വാട്ടർ അതോറിറ്റിയുടെ പൈപ്പുകൾക്ക് സമാന്തരമായിട്ടാണ് യൂട്ടിലിറ്റി ഡക്‌ടുകൾ സ്ഥാപിച്ചിരിക്കുന്നത്. പ്രവൃത്തികളുടെ ഭാഗമായി ചില സ്ഥലങ്ങളിൽ ജലവിതരണ പൈപ്പുകൾ മാറ്റിയിടേണ്ടി വന്നു. ആ ദൗത്യം വാട്ടർ അതോറിറ്റി ഏറ്റെടുത്തു. ആവശ്യമായ തുക സി.എസ്.എം.എൽ നൽകി.

 ബാനർജി റോഡ്

പിന്നിലായി

ഡർബാർ ഹാൾ ഗ്രൗണ്ട് റോഡ്, പാർക്ക് അവന്യു റോഡും പാർക്ക് അവന്യു ലിങ്ക് റോഡും, ഷൺമുഖം റോഡ്,എബ്രഹാം മാടമാക്കൽ റോഡ്, ബാനാർജി റോഡ് എന്നിവയാണ് സ്മാർട്ട് റോഡുകൾ. ഇതിൽ ബാനർജി റോഡ് ഒഴികെ എല്ലാ സ്ഥലത്തും കേബിളുകൾ ഡക്ടിലേക്ക് മാറി കഴിഞ്ഞു. ബാനർജി റോഡിലെ പ്രവൃത്തികൾ നടന്നുവരുന്നു. മേയ് മാസത്തോടെ പൂർത്തിയാകും. പശ്ചിമകൊച്ചിയിലെ അഞ്ചു ഡിവിഷനുകളിലെ ജോലികളും നടന്നുവരുന്നു.

 സവിശേഷതകൾ

കാൽനട യാത്രക്കാർക്ക് സുരക്ഷിതത്വം, വൈദ്യുതി വിതരണം കാര്യക്ഷമമാകും. കാറ്റിലും മഴയിലും നിന്ന് സംരക്ഷണം. അട്ടിമറി സാദ്ധ്യതകൾ ഒഴിവാകും

2019 ൽ യൂട്ടിലിറ്റി ഡക്ടിന്റെ ജോലികൾ തുടങ്ങി

പദ്ധതി ചെലവ്: 72 കോടി