 
മൂവാറ്റുപുഴ: ഇടവേളക്കുശേഷം നഗരത്തിലെ മണ്ണാൻകടവ് തോട് വീണ്ടും മാലിന്യകേന്ദ്രമായത് പേട്ട നിവാസികളുടെ ജീവിതം ദുരിതത്തിലാക്കി. ഇരുനൂറിലധികം കുടുംബങ്ങൾ തിങ്ങിപ്പാർക്കുന്ന നഗരത്തിലെ ജനവാസകേന്ദ്രമായ പേട്ടയ്ക്കുനടുവിലൂടെ ഒഴുകി പുഴയിൽ എത്തിച്ചേരുന്ന മണ്ണാൻകടവ് തോട്ടിലേക്ക് ശൗചാലയമാലിന്യമടക്കം എത്തുന്നതാണ് ദുരിതം വിതയ്ക്കുന്നത്.
കെ.എസ്.ആർ.ടി.സി പരിസരത്ത് നിന്നാരംഭിക്കുന്ന ഓട മണ്ണാൻകടവിലാണ് എത്തിച്ചേരുന്നത്. തോട്ടിലേക്ക് കണക്കില്ലാത്ത രീതിയിലായിരുന്നു മാലിന്യം ഒഴുകിയെത്തിയത്. അസഹ്യമായ ദുർഗന്ധത്തോടെ മാലിന്യം ഒഴുകിയെത്തിയതിനാൽ സമീപത്തെ പല വീട്ടുകാർക്കും ശാരീരിക അസ്വസ്ഥതകളുണ്ടായി. വർഷങ്ങളായി ഈ ദുരിതം അനുഭവിച്ചുവരികയാണ് പേട്ടക്കാർ. തോടിന് സമീപമുള്ള വീടുകളിൽ ഭക്ഷണം പാചകംചെയ്യാൻപോലും സാധിക്കാത്ത അവസ്ഥയാണ്. കൊതുകുശല്യവും അസഹനീയമായി തുടരുകയാണ്. മൂവാറ്റുപുഴ കുടിവെള്ള പദ്ധതിയെ ആശ്രയിക്കുന്ന ലക്ഷങ്ങളെ ബാധിക്കുന്ന പ്രശ്നമായിട്ടുപോലും അധികൃതർ ഇതിനെതിരെ കണ്ണടയ്ക്കുകയാണ്.
ജനപ്രതിനിധികളെയും ഉദ്യോഗസ്ഥരെയും മണ്ണാൻതോടിലെ മാലിന്യത്തെക്കുറിച്ച് പ്രദേശവാസികൾ അറിിയിച്ചങ്കിലും തുടർനടപടിയില്ല. സെപ്റ്റിക്ടാങ്ക് മാലിന്യമുൾപ്പെടെ നഗരത്തിലെ മുഴുവൻ മാലിന്യവും എത്തുന്നതിനാലാണ് മണ്ണാൻകടവ് തോടിനെയും അതുവഴി മൂവാറ്റിപുഴയാറിനേയും മലിനമാക്കുന്നത്. തോട്ടിലൂടെ എത്തുന്ന മാലിന്യം മൂവാറ്റുപുഴ കുടിവെള്ള ശുദ്ധീകരണ ശാലയുടെ ക്യാച്ച്മെന്റ് ഏരിയയുടെ ഇരുന്നൂറുമീറ്റർ അടുത്താണ് വന്നുപതിക്കുന്നതെന്നതും ഗൗരവമാണ്. മണ്ണാൻകടവ് തോട്ടിലെ മാലിന്യം നീക്കംചെയ്ത് തോട് ശുദ്ധീകരിച്ചശേഷം വീണ്ടും തോട്ടിലൂടെ മാലിന്യം ഒഴുകിവരാതെ നോക്കുന്നതിന് അധികൃർ തയ്യാറാകണമെന്ന് മൂവാറ്റുപുഴ മേഖല പൗരസമതി പ്രസിഡന്റ് നജീർ ഉപ്പൂട്ടുങ്കൽ ആവശ്യപ്പെട്ടു.