medical

കൊച്ചി: ഒമ്പതു വർഷം മുമ്പാരംഭിച്ച മഞ്ചേരി മെഡിക്കൽ കോളേജിൽ മൂന്ന് ബിരുദാനന്തര (പി.ജി.) കോഴ്‌സുകൾ ആരംഭിച്ചെങ്കിലും 21 വർഷം മുമ്പാരംഭിച്ച എറണാകുളം മെഡിക്കൽ കോളേജിൽ പ്രധാന വിഷയങ്ങളിൽ കോഴ്‌സ് അനുവദിക്കാൻ അപേക്ഷിച്ചിട്ടു പോലുമില്ല. സംസ്ഥാനത്തിന്റെ സാമ്പത്തിക തലസ്ഥാനവും വ്യവസായകേന്ദ്രവുമായ എറണാകുത്തെ സർക്കാർ മെഡിക്കൽ കോളേജിനോടാണ് ആരോഗ്യ വിദ്യാഭ്യാസ വകുപ്പിന്റെയും സർക്കാരിന്റെയും അവഗണന.
മെഡിക്കൽ കോളേജിന്റെ വളർച്ചയ്ക്ക് പ്രധാനമാണ് എം.ബി.ബി.എസിന് ശേഷം പഠിക്കേണ്ട പി.ജി കോഴ്‌സുകൾ. പി.ജി. കോഴ്‌സുകൾ അനുവദിക്കാൻ നാഷണൽ മെഡിക്കൽ കമ്മിഷന് അപേക്ഷ സമർപ്പിക്കണമെന്ന് കഴിഞ്ഞ നവംബർ മൂന്നിന് ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യർ മൂവ്‌മെന്റ് ആരോഗ്യമന്ത്രിക്കുൾപ്പെടെ നിവേദനം നൽകിയിരുന്നെങ്കിലും നടപടിയുണ്ടായില്ല.
വ്യവസായമേഖലയായ കളമശേരിയിൽ സഹകരണ മേഖലയിലാണ് എറണാകുളം മെഡിക്കൽ കോളേജ് 1999ൽ പ്രവർത്തനം ആരംഭിച്ചത്. കോളേജും ആശുപത്രിയും പിന്നീട് സർക്കാർ ഏറ്റെടുത്ത് മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന് കീഴിലാക്കി. ഇത്രയും പഴക്കമുള്ള മെഡിക്കൽ കേളേജിൽ നാമമാത്രമായ പി.ജി കോഴ്‌സുകൾ മാത്രമാണുള്ളത്. പ്രധാനപ്പെട്ടതും ഏറ്റവുമധികവുമുള്ള അടിസ്ഥാന വകുപ്പുകളായ സർജറി, ഓർത്തോപീഡിക്‌സ്, ഗൈനക്കോളജി, അനസ്‌തേഷ്യോളജി, റേഡിയോളജി എന്നിവയിൽ പി.ജി സീറ്റുകളില്ല.
സർക്കാർ ഡെഡിക്കൽ കേളേജുകളിൽ 24 മണിക്കൂറും രോഗീപരിചരണവും അത്യാഹിത വിഭാഗങ്ങളും പ്രവർത്തിപ്പിക്കുന്നത് പി.ജി വിദ്യാർത്ഥികളാണ്. ഓപ്പറേഷൻ തിയേറ്ററുകളുടെ പ്രവർത്തനത്തിലും ഇവരുടെ പങ്ക് പ്രധാനവുമാണ്. എറണാകുളത്ത് സൂപ്പർ സ്‌പെഷ്യാലിറ്റി ബ്‌ളോക്കിന്റെ നിർമ്മാണം പൂർത്തിയാകുകയാണ്. സൂപ്പർ സ്‌പെഷ്യാലിറ്റി സുഗമമായി പ്രവർത്തിപ്പിക്കാൻ പി.ജി വിദ്യാർത്ഥികളുടെ സേവനം ആവശ്യമാണ്.
മെഡിക്കൽ കോളേജിന്റെ സേവനം പൂർണ്ണതയിലെത്തിക്കാൻ കൂടുതൽ പി.ജി കോഴ്‌സുകൾക്ക് അപേക്ഷ സമർപ്പിക്കണമെന്ന് 2020 ലും 2021ലും ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യർ മൂവ്‌മെന്റ് മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർക്ക് നിവേദനം സമർപ്പിച്ചിരുന്നു. കഴിഞ്ഞ നവംബർ 27 നാണ് പി.ജി കോഴ്‌സുകൾക്ക് നാഷണൽ മെഡിക്കൽ കമ്മിഷന് അപേക്ഷ സമർപ്പിക്കേണ്ടിയിരുന്ന അവസാന ദിവസം.

നിലവിലെ പി.ജി കോഴ്സ്, സീറ്റെണ്ണം

ജനറൽ മെഡിസിൻ 3

മൈക്രോബയോളജി 2

പീഡിയാട്രിക്‌സ് 2

സൈക്യാട്രി 2

പാതോളജി 2

"പുതിയ പി.ജി. കോഴ്‌സുകൾക്ക് അപേക്ഷ നൽകാൻ പോലും ആളില്ല. മെഡിക്കൽ കമ്മിഷൻ അപേക്ഷ ക്ഷണിച്ചപ്പോൾ പ്രിൻസിപ്പൽ മുതൽ മന്ത്രിക്ക് വരെ കത്ത് നൽകിയിരുന്നു."

ഡോ. എൻ.കെ. സനിൽകുമാർ
ജസ്റ്റിസ് കൃഷ്ണയ്യർ മൂവ്‌മെന്റ്

"പാവങ്ങളുടെ ആശ്രയമായ എറണാകുളം മെഡിക്കൽ കോളേജ്, കൊച്ചി കാൻസർ സെന്റർ എന്നിവയോട് ചിറ്റമ്മനയമാണ് തലസ്ഥാനത്തെ ഉന്നത ഉദ്യോഗസ്ഥർ പുലർത്തുന്നത്."

ചാൾസ് ഡയസ്
മുൻ രാജ്യസഭാംഗം

മഞ്ചേരിയിൽ
മലപ്പുറം ജില്ലയിലെ മഞ്ചേരിയിൽ 2013 ലാണ് എം.ബി.ബി.എസ് പ്രവേശനം ആരംഭിച്ചത്. ഈവർഷം ഡെർമറ്റോളജി, ഇ.എൻ.ടി., ഒഫ്താൽമോളജി വകുപ്പുകളിലാണ് പി.ജി. കോഴ്‌സുകൾ അനുവദിച്ചത്.