കൊച്ചി: വടുതല റെയിൽവേ ഫ്ളൈഓവർ സ്ഥലമെടുപ്പ് നടപടികളുടെ ഭാഗമായുള്ള സാമൂഹ്യാഘാത പഠനം പൂർത്തിയായി. തൃക്കാക്കര ഭാരത് മാതാ കോളേജിലെ സോഷ്യൽ സയൻസ് വിഭാഗത്തിന്റെ മേൽനോട്ടത്തിലായിരുന്നു പഠനം. കളക്ടർ ജാഫർ മലിക്കിന് പഠന റിപ്പോർട്ട് കൈമാറിയതായി ടി .ജെ . വിനോദ് എം.എൽ. എ അറിയിച്ചു. അടുത്ത ഘട്ടമായി സ്ഥലമേറ്റെടുക്കൽ, പുനരധിവാസം എന്നീ കാര്യങ്ങളിൽ തീരുമാനമെടുക്കുന്നതിനായി വിദഗ്ദ്ധസമിതി രൂപീകരിക്കണം. കളക്ടർ ആവശ്യപ്പെട്ടതിനനുസരിച്ചു ആർ.ബി.ഡി.സി.കെ സാങ്കേതിക വിദഗ്ദ്ധയായ മേരി ബെനഡിക്ടിനെ ഇതിലേക്ക് നാമനിർദ്ദേശം ചെയ്തിട്ടുണ്ട്. വിദഗ്ദ്ധ കമ്മിറ്റിയുടെ റിപ്പോർട്ട് ലഭിച്ചുകഴിഞ്ഞാൽ പദ്ധതിക്കായി സ്ഥലമേറ്റെടുക്കലിന് വിജ്ഞാപനം നൽകുന്നതാണ് നടപടി ക്രമമെന്ന് എം.എൽ.എ അറിയിച്ചു.
ഫ്ളൈ ഓവർ പൂർത്തിയാകുന്നതോടെ വടുതല, ചിറ്റൂർ, ചേരാനല്ലൂർ പ്രദേശത്തെ ജനങ്ങളുടെ പതിറ്റാണ്ടുകളായുള്ള ഗതാഗത പ്രശ്നത്തിന് പരിഹാരമാകും. പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കുന്നതിന് ഉദ്യോഗസ്ഥതലത്തിൽ ആവശ്യമായ സമ്മർദ്ദം ചെലുത്തുമെന്ന് ടി.ജെ. വിനോദ് പറഞ്ഞു